photo
രാജൻ മാസ്റ്റർ കാരിക്കേച്ചർ രചനയിൽ

കൊല്ലം: ഫേസ്ബുക്കിലും വാട്സ് ആപ്പിലും സൗഹൃദത്തിനെത്തുന്നവരുടെയെല്ലാം കാരിക്കേച്ചർ മിനിട്ടുകൾക്കകം വരച്ചുനൽകി അവരെ ഞെട്ടിക്കലാണ് രാജൻ മാസ്റ്ററുടെ ലോക്ക് ഡൗൺ വിനോദം. ചിത്രം ലഭിക്കാൻ മാത്രം ഒരു പാടുപേർ സൗഹൃദാഭ്യർത്ഥനയുമായി ഇപ്പോൾ രാജൻ മാസ്റ്ററെ തേടി എത്താറുണ്ട്.

ഇതോടെ സൗഹൃദവലയിലെ കണ്ണികളുടെ എണ്ണവും കൂടി. മലപ്പുറം വെളിമുക്ക് സൗത്ത് കുണ്ടിൽ തൊടി വീട്ടിൽ പരേതനായ കൃഷ്ണന്റെയും പത്മാവതിയുടെയും മകനായ രാജന് ബാല്യം മുതൽ ചിത്രകലയോട് വലിയ കമ്പമായിരുന്നു. സ്കൂൾ പഠനം കഴിഞ്ഞ് രണ്ടുവർഷം തിരൂർ ചിത്രകലാ വിദ്യാലയത്തിൽ പഠിച്ചു. രാജന്റെ മികവ് ശ്രദ്ധിച്ച ഗുരുവായ സുരേഷാണ് രാജൻ മാസ്റ്ററെന്ന് പേരിട്ടത്. നാൽപ്പതുകാരനായ രാജൻ ഇന്റീരിയർ ഡിസൈൻ, ഡ്രോയിംഗ്, ഗാർഡൻ ഡിസൈൻ, ത്രീ ഡി ഇഫക്ട് ചിത്രമൊരുക്കൽ എന്നിവയാണ് ചെയ്യുന്നത്. കളിമണ്ണിലും സിമന്റിലും തെർമോകോളിലും ശില്പങ്ങളൊരുക്കലാണ് മറ്റൊരു വിനോദം. ഭാര്യ സജിനിയും മക്കളായ ആവണിയും അവിരാജും എല്ലാത്തിനും ഒപ്പമുണ്ട്. ഫോൺ: 8086168341.

പുല്ലാങ്കുഴൽ വായനയിലും, അതിന്റെ നിർമ്മാണത്തിലും രാജൻ മാസ്റ്റർ ഒരുപോലെ കഴിവു തെളിയിച്ചിട്ടുണ്ട്. മുളയും പൈപ്പും ഉപയോഗിച്ച് പുല്ലാങ്കുഴൽ നിർമ്മിക്കാൻ അറിയാം. ഹിമാൻഷുനന്ദ,​ വളാഞ്ചേരി സജിത്ത് തുടങ്ങിയവരുടെ ശിക്ഷണത്തിലാണ് പുല്ലാങ്കുഴൽ അഭ്യസിക്കുന്നത്.

"ചിത്രകാരന്മാർക്ക് ലോക്ക് ഡൗൺ കാലത്തും ബോറടിക്കില്ല.ചിത്ര രചന ഒരു വരുമാന മാർഗവുമാണ്"..

- രാജൻ മാസ്റ്റർ