pic-

തിരുവനന്തപുരം : കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ അവശ്യ സർവീസുകളായ പൊലീസ്, എക്സൈസ് സേനകളിലെ നിയമനങ്ങൾ ഉടൻ നടത്തണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച. മദ്യനിരോധനം വന്നതുമുതൽ വ്യാജമദ്യവും മറ്റ് ലഹരി വസ്തുക്കളുടേയും വ്യാപനം തടയാൻ ആവശ്യമായ ഉദ്യോഗസ്ഥർ എക്സൈസ് ഡിപ്പാർട്ട്മെന്റിൽ ഇല്ലെന്നിരിക്കെ ഒഴിവുകൾ നികത്താത്തത് പ്രതിഷേധാർഹമാണെന്നും യുവമോർച്ച ചൂണ്ടിക്കാട്ടി.

സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റ് പി എസ് സി കാറ്റഗറി നമ്പർ 340 / 2016 ന്റെ പത്ത് ശതമാനം നിയമനങ്ങളെ ഇതുവരെ നടന്നിട്ടുള്ളൂ. എക്സൈസ് ഇൻസ്പെക്ടർമാരുടേയും അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരുടേയും സ്ഥാനക്കയറ്റം മൂലം നികത്തേണ്ട നൂറുകണക്കിന് ഒഴിവുകളും ജീവനക്കാരില്ലാതെ ഒഴിഞ്ഞ് കിടക്കുകയാണ്. എസ് സി വിഭാഗത്തിലെ ഒന്നാം റാങ്കിന് പോലും നിയമനം ലഭിച്ചിട്ടില്ലന്നും യുവമോർച്ച ആരോപിക്കുന്നു. കോപ്പിയടി വിവാദവുമായി ബന്ധപ്പെട്ട് അഞ്ച് മാസത്തോളം മരവിപ്പിച്ചു വച്ച പൊലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂൺ 30-ന് അവസാനിക്കും. 1400 പേരുള്ള ലിസ്റ്റിൽ നിന്നും ഇതുവരെ ഒരു നിയമനം പോലും നടന്നിട്ടില്ല.

അതേസമയം നഴ്സിങ്ങ് പഠനം കഴിഞ്ഞ് കേരളത്തിലെ വിവിധ മെഡിക്കൽ കോളേജുകളിലെ ഡി.എം.ഇ യുടെ കീഴിൽ താൽക്കാലിക സേവനമനുഷ്ഠിക്കുന്ന അഞ്ഞൂറിലധികം നഴ്സുമാർ പിരിച്ചുവിടൽ ഭീഷണിയിലാണെന്നും, പ്രവൃത്തി പരിചയ കാലാവധി പൂർത്തിയാക്കാൻ രണ്ട് മാസം ബാക്കി നിൽക്കെയുള്ള ഇത്തരം നടപടികൾ മനുഷ്യത്വരഹിതമാണെന്നും യുവമോർച്ച വ്യക്തമാക്കി. ആരോഗ്യ മേഖലയിൽ നഴ്സുമാരുടെ കുറവ് അനുഭവപ്പെടുന്ന അടിയന്തിര സാഹചര്യത്തിൽ കാലാവധി പൂർത്തിയാക്കാൻ അവരെ അനുവദിക്കണമെന്നും യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സിആർ പ്രഫുൽകൃഷണൻ ആവശ്യപ്പെട്ടു.