വാഷിംഗ്ടൺ: ലോകരാജ്യങ്ങളെ ഭയപ്പെടുത്തി കൊവിഡ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും കുതിച്ചുയരുന്നു. രോഗികളുടെ എണ്ണം 23 ലക്ഷത്തിലേക്ക് ഉയർന്നു. മരണം 1.50 ലക്ഷം കടന്നു.
അമേരിക്കയിൽ ഇന്നലെ മാത്രം 2,174 പേർ മരിച്ചതോടെ ആകെ മരണം 35,000 കവിഞ്ഞു. 6.77 ലക്ഷം രോഗികളുണ്ട്. ലോകത്തേറ്റവും ഉയർന്ന നിരക്കാണിത്. പുതുതായി 29,567 കേസുകളും ഇന്നലെ റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ അതീവ രൂക്ഷമായി തുടരുമ്പോഴും വിപണികൾ തുറക്കാനുള്ള മാർഗനിർദേശങ്ങൾ വൈറ്റ് ഹൗസ് പുറത്തുവിട്ടു. അമേരിക്കയിൽ കൊവിഡ് തീവ്രവ്യാപനം അവസാനിച്ചെന്നും വിപണികൾ തുറക്കാൻ സമയമായെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു. അടച്ചിട്ട സംസ്ഥാനങ്ങൾ 14 ദിവസങ്ങൾ കൊണ്ട് മൂന്ന് ഘട്ടമായി തുറക്കാനാണ് പദ്ധതി.
ചെറുകിട സ്ഥാപനങ്ങൾക്കും മറ്റുമാണ് ഇളവുകൾ. ആദ്യ ഘട്ടത്തിൽ ആവശ്യമില്ലാത്ത യാത്രകളും ആൾക്കൂട്ടവും ഒഴിവാക്കണം. പുറത്തിറങ്ങുന്നവർ ശാരീരിക അകലം പാലിക്കണം. ആരോഗ്യ പ്രശ്‍നങ്ങളുള്ളവർ വീടുകളിൽ തന്നെ കഴിയണം. കർശന നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ഭക്ഷണശാലകൾ, ആരാധനാലയങ്ങൾ, കായിക വിനോദ കേന്ദ്രങ്ങൾ എന്നിവ തുറക്കും. രണ്ടാം ഘട്ടത്തിൽ യാത്രകൾ അനുവദിക്കും. സ്‍കൂളുകളും ബാറുകളും തുറക്കും. മൂന്നാംഘട്ടത്തിൽ കൂടുതൽ ഇളവുകൾ നൽകും. ജോലി സ്ഥലങ്ങളും നിയന്ത്രണങ്ങളോടെ തുറക്കും. ഓരോ സംസ്ഥാനങ്ങളിലും അവിടങ്ങളിലെ സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് ഇളവുകൾ നടപ്പാക്കാൻ ഗവർണർമാരോട് ട്രംപ് നിർദ്ദേശിച്ചു.
ഈ തീരുമാനത്തോട് സംസ്ഥാന ഗവർണർമാർക്കുൾപ്പെടെ പലർക്കും എതിർപ്പുണ്ട്.
ബ്രിട്ടനും ജപ്പാനും അടക്കമുള്ള രാജ്യങ്ങൾ കൊവിഡ് വ്യാപനം തടയാൻ ലോക്ക് ഡൗൺ കൂടുതൽ ശക്തമാക്കുമ്പോഴാണ് അമേരിക്ക ലോക്ക്ഡൗൺ ഇളവ് ചെയ്യുന്നത്.
ലോക്ക്ഡൗൺ സുസ്ഥിര പരിഹാരമാർഗമല്ല. അത് പൊതുജനാരോഗ്യത്തിന് ഗുരുതര പ്രശ്നങ്ങളുണ്ടാക്കും. മയക്കുമരുന്ന് ഉപയോഗം, മദ്യപാനം, ഹൃദ്രോഗം, മറ്റ് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ എന്നിവ കുത്തനെ ഉയരും. അമേരിക്കക്കാർ രാജ്യം തുറക്കാൻ ആഗ്രഹിക്കുന്നു. ആരോഗ്യമുള്ള പൗരന്മാർക്ക് നിയന്ത്രണങ്ങളോടെ ജോലിയിലേക്ക് മടങ്ങാം.
-ട്രംപ്
അമേരിക്കയിൽ ഇതുവരെ 22 മില്യൺ (2.20 കോടി) പേർക്ക് തൊഴിൽ നഷ്ടമായെന്നാണ് കണക്ക്. മാർച്ച് മുതലുള്ള കണക്കാണിത്.
ബ്രിട്ടനിൽ ലോക്ക് ഡൗൺ അടുത്ത മൂന്നാഴ്ചത്തേക്ക് കൂടി നീട്ടി. ഇന്നലെ വീണ്ടും മരണനിരക്ക് കൂടിയ സാഹചര്യത്തിലാണിത്.
മേയ് മൂന്ന് വരെ പോളണ്ടിന്റെ അതിർത്തികൾ അടച്ചിടും
ഇറ്റലിയിൽ 21645 പേരും ഫ്രാൻസിൽ 17167 പേരും ജർമ്മനിയിൽ 3804 പേരും ബ്രിട്ടനിൽ 12868 പേരും ഇറാനിൽ 4777 പേരും നെതർലാൻഡ്സിൽ 3134 പേരും ബെൽജിയത്തിൽ 4857 പേരും മരിച്ചു.
ജർമനിയിൽ 20 മുതൽ ഭാഗിക നിയന്ത്രണം.
കാനഡയിൽ അവശ്യസേവനങ്ങൾക്കൊഴികെ നിയന്ത്രണം.
ബ്രസീലിൽ സാവോപോളോ 22 വരെയും റിയോ ഡി ജനീറോ 30 വരെയും നിയന്ത്രണങ്ങൾ നീട്ടി.
അർജന്റീന 26 വരെയും ഈജിപ്ത് 23 വരെയും ലോക്ക്‌ഡൗൺ നീട്ടി.
ദക്ഷിണാഫ്രിക്കയിൽ ഏപ്രിൽ അവസാനം വരെ ലോക്ക്ഡൗൺ.
ഇറാനിൽ പ്രവിശ്യകൾക്കുള്ളിലെ യാത്രാവിലക്ക് ഭാഗികമായി അവസാനിപ്പിച്ചു. ടെഹ്റാനിൽ വ്യാപാരസ്ഥാപനങ്ങൾ ഇന്ന് തുറക്കും.
പാകിസ്ഥാൻ 2 ആഴ്ചകൂടി ലോക്ക്ഡൗൺ നീട്ടി.
മ്യാൻമറിൽ 25000ത്തോളം തടവുകാരെ മോചിപ്പിക്കും.