wedding

ബംഗളൂരു: ലോക്ക്ഡൗൺ നിബന്ധനകൾ കാറ്റിൽ പറത്തി, സാമൂഹ്യ അകലം പാലിക്കാതെ കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മകന്റെ വിവാഹം. മാസ്‌ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള സുരക്ഷാകാര്യങ്ങൾ പാലിക്കാതെ നൂറോളം പേർ വിവാഹത്തിൽ പങ്കെടുത്തു.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. കുമാരസ്വാമിയുടെ മകനും ചലച്ചിത്രതാരവുമായ നിഖിൽ കുമാരസ്വാമിയുടെയും മുൻ കോൺഗ്രസ് മന്ത്രി എം. കൃഷ്ണപ്പയുടെ ചെറുമകൾ രേവതിയുടെയും വിവാഹമാണ് ഇന്നലെ രാവിലെ നടന്നത്. ബംഗളൂരുവിൽ നിന്ന് 28 കിലോമീറ്റർ അകലെ രാമനഗര ബിഡദിയിലെ കുമാരസ്വാമിയുടെ ഫാം ഹൗസിൽ വച്ചായിരുന്നു വിവാഹം. നിഖിൽ കഴിഞ്ഞ വർഷം നടന്ന പൊതു തിരഞ്ഞെടുപ്പിൽ മാണ്ഡ്യയിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

ലോക്ക് ഡൗൺ നിബന്ധനകൾ പ്രകാരം അടുത്ത ബന്ധുക്കളായ 30 പേരേ ചടങ്ങിൽ പങ്കെടുത്തുള്ളൂവെന്നാണ് കുമാരസ്വാമി പറയുന്നത്.

എന്നാൽ, സാമൂഹിക അകലം പാലിക്കാതെ നൂറോളം പേർ വിവാഹത്തിൽ പങ്കെടുത്തുവെന്ന് വിവാഹ ഫോട്ടോയിൽ വ്യക്തമാണ്. വിവാഹത്തിനെത്തുന്നവരെല്ലാം മാസ്‌കും കൈയുറയും ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും കുമാരസ്വാമി ആവശ്യപ്പെട്ടിരുന്നെങ്കിലും ആരും തയ്യാറായില്ല.

വിവാഹസ്ഥലത്തേക്ക് പോകാൻ 48 വാഹനങ്ങൾക്ക് അനുമതി ലഭിച്ചിരുന്നുവെന്നും വധുവിന്റെ വീട്ടിൽ നിന്ന് 40 പേർ ഉൾപ്പെടെ ആകെ നൂറോളം പേർ പങ്കെടുത്തുവെന്നും കുമാരസ്വാമിയുടെ മീഡിയ മാനേജർ പിന്നീട് വ്യക്തമാക്കി.

വിവാഹം വിവാദമായതോടെ കർണാടക ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായൺ രാമനഗര ഡെപ്യൂട്ടി കമ്മിഷണറോട് വിശദീകരണം തേടി. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അഞ്ചു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ആർഭാടമായി നടത്താനിരുന്ന വിവാഹം കൊവിഡിനെതുടർന്ന് ലളിതമാക്കുകയായിരുന്നു. കർണാടകയിൽ ഇതുവരെ 315 കൊവിഡ് കേസുകളുണ്ട്. 13 മരണം.

 ലോക്ക്ഡൗണിൽ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്ക് വാഹനത്തിന് പാസ് ലഭിക്കാത്തപ്പോഴാണ് വിവാഹത്തിന് ഇത്രയധികം വാഹനങ്ങൾക്ക് പാസ് ലഭിച്ചത്.

ഗ്രീൻ സോണായ രാമനഗരയിൽ കൊവിഡ് വ്യാപനമുണ്ടായാൽ ദേവഗൗഡ കുടുംബമായിരിക്കും ഉത്തരവാദികൾ.

- രാമനഗര ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം. രുദ്രേഷ്