വുഹാൻ: രാജ്യത്തെ കൊവിഡ് മരണങ്ങൾ സംബന്ധിച്ച് അമേരിക്ക ഉൾപ്പടെ പലരാജ്യങ്ങളും ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നാലെ യഥാർത്ഥ കണക്ക് പുറത്തു വിട്ട് ചൈന.
വുഹാനിൽ 1290 പേർ കൂടി മരിച്ചതായും ഇതോടെ നഗരത്തിലെ ആകെ മരണങ്ങളുടെ എണ്ണം 3,869 ആയതായും നഗര ഭരണകൂടം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതോടെ ചൈനയിലെ ആകെ മരണം 4,636ഉം ആയി ഉയർന്നു. നേരത്തെ ഇത് 3346 ആയിരുന്നു.
വുഹാനിലെ ആകെ രോഗികൾ 325ൽ നിന്ന് 50,333 എന്ന് തിരുത്തിയിട്ടുമുണ്ട്. ചില രോഗികൾ വീട്ടിൽ വച്ചു മരിച്ചുവെന്നും അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ചിലത് തെറ്റുകൾ പറ്റിയതോ വിട്ടുപോയതോ ആകാമെന്നുമാണ് അധികൃതരുടെ വിശദീകരണം.
വുഹാനിലെ മരണസംഖ്യ ചൈന മറച്ച് വയ്ക്കുകയാണെന്ന് അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ആരോപിച്ചിരുന്നു.