വാഷിംഗ്ടൺ: അമേരിക്കയിൽ കൊവിഡ് ദുരിതം വിതയ്ക്കുന്നതിനിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൾ ഇവാനക ട്രംപിന് അവധി ആഘോഷം. ഇവാൻകയും ഭർത്താവ് ജെറാഡ് കുഷ്നെറുമാണ് ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അവധി ആഘോഷത്തിനായി വാഷിംഗ്ടണിലെ വീട്ടിൽ നിന്നു ന്യൂജഴ്സിയിലെ ബെഡ്മിനിസ്റ്ററിലുള്ള ഗോൾഫ് റിസോർട്ടിലേക്ക് പോയത്. ഏപ്രിൽ ആദ്യം തുടങ്ങിയ ആഘോഷം അവസാനിച്ചത് വ്യാഴാഴ്ചയാണ്. സംഭവം വിവാദമായതോടെ ഇവാൻകയും ഭർത്താവും കുടുംബവീട് പോലെയുള്ള സ്വകാര്യ റിസോർട്ടിലാണ് പെസഹ ആഘോഷിക്കാൻ പോയതെന്നും ആളുകൾ കൂടാത്ത സ്ഥലമാണിതെന്നും വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. വാണിജ്യ താത്പര്യങ്ങളൊന്നും ഇല്ലാത്ത യാത്രയായിരുന്നെന്നും കുടുംബത്തോടൊപ്പം ഒഴിവ് ദിവസം ചെലവഴിക്കുകയായിരുന്നു ഇവാൻകയെന്നും പ്രസ്താവനയിൽ വിശദീകരിക്കുന്നു. വീട്ടിലിരിക്കണമെന്ന് സർക്കാർ തന്നെ പല ആവർത്തി നിർദ്ദേശിക്കുമ്പോഴാണ് പ്രസിഡന്റിന്റെ ഉപദേഷ്ടാവ് കൂടിയായ ഇവാൻകയുടെ അവധി ആഘോഷം.