ഐ.പി.എല്ലിന് വേദിയൊരുക്കാമെന്ന് ശ്രീലങ്ക, നടക്കാനിടയില്ലെന്ന് സൂചന
മുംബയ് : ഇൗ സീസൺ ഐ.പി.എല്ലിന് വേദിയൊരുക്കാമെന്ന ഒാഫറുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയെങ്കിലും അത് നടക്കാനിടയില്ലെന്ന് സൂചനകൾ നൽകി ബി.സി.സി.ഐ വൃത്തങ്ങൾ.
കൊവിഡ് 19 പശ്ചാത്തലത്തിൽ ഐ.പി.എൽ അനിശ്ചിതകാലത്തേക്ക് മാറ്റിവയ്ക്കുന്നതായി ബി.സി.സി.ഐ ഇന്നലെ അറിയിച്ചതിന് പിന്നാലെയാണ് ശ്രീലങ്കയിൽ നിന്ന് ഒാഫറെത്തിയതായ വാർത്തകൾ പ്രചരിച്ചത്.ലങ്കയിൽ കൊവിഡ് കേസുകൾ താരതമ്യേന കുറവായതിനാലും ഇന്ത്യയെക്കാൾ മുമ്പ് രോഗബാധയിൽ നിന്ന് മുക്തമാകാൻ സാദ്ധ്യയുള്ളതിനാലും സുരക്ഷിതമായി ടൂർണമെന്റ് നടത്താമെന്നാണ് ലങ്കൻ ബോർഡ് പറയുന്നത്. കൊളംബോ, ഗാലെ,കാൻഡി എന്നീ സ്റ്റേഡിയങ്ങളിലായി മത്സരം നടത്താമെന്നും ടീമുകൾക്ക് കൂടുതൽ യാത്രകൾ വേണ്ടിവരില്ലെന്നും ലങ്കൻ ബോർഡ് പറയുന്നു.
വരുന്ന ജൂലായിൽ ഇന്ത്യയുമായി മൂന്ന് വീതം ഏകദിനങ്ങളുടെയും ട്വന്റി-20കളുടെയും പരമ്പരയ്ക്കായി ശ്രീലങ്ക ശ്രമിക്കുന്നുണ്ട്. ഇതിനെക്കാൾ സാമ്പത്തിക ലാഭം ഐ.പി.എൽ നടത്തുന്നതാണെന്നുള്ളത് കൊണ്ടാണ് ലങ്കയുടെ പുതിയ നീക്കം.
ചർച്ച നടന്നിട്ടില്ല
അതേസമയം ഐ.പി.എൽ ഇന്ത്യയ്ക്ക് പുറത്തുവച്ച് നടത്തുന്നതിനോട് എതിർപ്പുള്ളവർ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിൽ ഉള്ളതിനാൽ ഇതിനേക്കുറിച്ച് ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് അറിയുന്നത്.
മാർച്ച് 29നായിരുന്നു ഇൗ സീസൺ ഐ.പി.എൽ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത് ഏപ്രിൽ 15ലേക്ക് ആദ്യം നീട്ടിവച്ചു. എന്നാൽ ലോക്ക്ഡൗൺ തുടരാൻ രാജ്യം തീരുമാനിച്ചതോടെ അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുകയാണെന്ന് കഴിഞ്ഞ ദിവസം ബി.സി.സി.ഐ അറിയിക്കുകയായിരുന്നു. പക്ഷേ ടൂർണമെന്റ് റദ്ദാക്കാൻ ബി.സി.സി.ഐ തയ്യാറായിട്ടില്ല.വരുന്ന ഒക്ടോബറിൽ ആസ്ട്രേലിയയിൽ ട്വന്റി-20 ലോകകപ്പ് നടക്കുന്നില്ലെങ്കിൽ ആ സമയത്ത് ഐ.പി.എൽ നടത്താമെന്ന ചിന്തയിലാണ് ബി.സി.സി.ഐ. അതിനിടയിലാണ് ശ്രീലങ്കയിൽ നിന്നുള്ള ഒാഫർ എത്തുന്നത്.
കടൽ കടന്നത് 2 തവണ
രണ്ട് തവണയാണ് ഐ.പി.എൽ ഇന്ത്യയ്ക്ക് പുറത്ത് നടന്നത്. 2009ൽ കേന്ദ്ര സർക്കാരിനെ വെല്ലുവിളിക്കുന്ന രീതിയിൽ ലളിത് മോഡി മുഴുവൻ ടൂർണമെന്റും ദക്ഷിണാഫ്രിക്കയിൽ നടത്തിയപ്പോൾ 2014ലെ പൊതു തിരഞ്ഞെടുപ്പിനെത്തുടർന്ന് ഭാഗികമായി യു.എ.ഇയിൽ നടത്തി.അന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പൂർണപിന്തുണ ബി.സി.സി.ഐക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ ഐ.സി.സി പ്രസിഡന്റ് ശശാങ്ക് മനോഹർ ബി.സി.സി.ഐക്ക് അഭിമതനല്ല.അതുകൊണ്ടുതന്നെ ശ്രീലങ്കയിലേക്ക് ഐ.പി.എൽ മാറ്റാൻ ഐ.സി.സി അനുമതി ലഭിക്കുമെന്ന് ഉറപ്പുമില്ല.
238
കൊവിഡ് കേസുകളാണ് ശ്രീലങ്കയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏഴുപേർ മരണപ്പെട്ടപ്പോൾ 65 പേർ രോഗമുക്തി നേടി.