മുംബയ്: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കാൻ വിപണിയിൽ കൂടുതൽ പണവും ഉപഭോക്താക്കൾക്ക് കൂടുതൽ ബാങ്ക് വായ്‌പകളും ലഭ്യമാക്കാൻ റിസർവ് ബാങ്ക് ഒരുലക്ഷം കോടിരൂപയുടെ രണ്ടാം ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു.
ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾക്കും (മൈക്രോ ഫിനാൻസ് ) ഗ്രാമീണ മേഖലകൾക്കും 50,000 കോടിയുടെ വീതം ആനുകൂല്യങ്ങൾ ലഭിക്കും. ലക്ഷക്കണക്കിന് കോടി രൂപയുടെ അധിക പണം ( സർപ്ലസ് ലിക്വിഡിറ്റി ) വായ്പ നൽകുന്നതിന് ഉപയോഗിക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കാൻ റിവേഴ്സ് റിപ്പോ കുറച്ചതാണ് മറ്റൊരു പ്രധാന നടപടി.
മാർച്ച് 27ന് പ്രഖ്യാപിച്ച 3.74 ലക്ഷം കോടിയുടെ ഒന്നാം പാക്കേജിന് പുറമേയാണിത്.
രണ്ടാം പാക്കേജിൽ റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ച നടപടികൾ ഇങ്ങനെ:
ബാങ്കിതര ധനകാര്യ
സ്ഥാപനങ്ങൾക്ക് 50,000 കോടി
ബാങ്കുകളുടെ കടപ്പത്രങ്ങളുടെ ഈടിൽ റിപ്പോനിരക്കിൽ വായ്‌പ നൽകുന്ന പദ്ധതി ( ടാർഗറ്റഡ് ലോങ്ടേം റിപ്പോ ഓപ്പറേഷൻ 2.0 ) പ്രകാരം 50,000 കോടി രൂപ വിപണിയിലിറക്കും. ഇതിന്റെ 50 ശതമാനവും ചെറുകിട ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾക്കുമാണ്
ചെറുകിട, ഗ്രാമീണ മേഖലയ്‌ക്കും
50,000 കോടി
ഗ്രാമീണ മേഖല, കാർഷികം, ചെറുകിട വ്യവസായം, ഭവന വായ്പാ സ്ഥാപനങ്ങൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, മൈക്രോ ഫിനാൻസ് എന്നിവ പണത്തിന് ആശ്രയിക്കുന്നത് നബാർഡ്, സ്‌മാൾ ഇൻഡസ്‌ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യ (സിഡ്‌ബി ), നാഷണൽ ഹൗസിംഗ് ബാങ്ക് ( എൻ.എച്ച്.ബി ) എന്നിവയെയാണ്. ഇവയ്ക്കും 50,000 കോടി നൽകും
നബാർഡ് : 25,000 കോടി
സിഡ്‌ബി : 15,000 കോടി
എൻ.എച്ച്.ബി: 10,000 കോടി
റിവേഴ്‌സ് റിപ്പോ
3.75% ആയി കുറച്ചു
ബാങ്കുകളുടെ അധിക പണം ( സർപ്ലസ് ലിക്വിഡിറ്റി ) വായ്‌പാ വിതരണത്തിനും നിക്ഷേപത്തിനും ഉപയോഗിക്കാൻ ബാങ്കുകളെ പ്രേരിപ്പിക്കാനായി റിവേഴ്സ് റിപ്പോ 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനമായി കുറച്ചു. (അധികപ്പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് നൽകുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ) 15 വർഷത്തെ ഏറ്രവും കുറഞ്ഞ നിരക്കാണിത്. ഏപ്രിൽ 15 വരെ 6.9 ലക്ഷം കോടി രൂപയുടെ അധികപ്പണമാണ് ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിച്ചത്.
റിയൽ എസ്‌റ്റേറ്റിന്
ആശ്വാസം
റിയൽ എസ്‌റ്റേറ്റ് പദ്ധതികൾക്ക് ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ അനുവദിച്ച വായ്‌പയുടെ തിരിച്ചടവ് ഒരുവർഷം നീട്ടണം. വാണിജ്യ ബാങ്കുകൾ നൽകിയ ഇളവുകൾ ഇവയും ലഭ്യമാക്കണം.
സംസ്ഥാനങ്ങൾക്ക് ആശ്വാസം
സംസ്ഥാന സർക്കാരുകൾക്ക് വേയ്സ് ആൻഡ് മീൻസ് അഡ്വാൻസസ് പരിധി 30 ശതമാനത്തിൽ നിന്ന് 60 ശതമാനമായി ഉയർത്തി. ഇതോടെ ഉയർന്ന പലിശയ്ക്ക് കടമെടുക്കുന്നത് കുറയ്‌ക്കാം കേരളത്തിന് ഇത് നേട്ടമാകും.
മോറട്ടോറിയം കാലത്ത്
കിട്ടാക്കട പ്രഖ്യാപനമില്ല
മാർച്ച് ഒന്നുമുതൽ മേയ് 31 വരെ മോറട്ടോറിയം ഉള്ള വായ്‌പകൾ ബാങ്കുകൾ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്. എൻ.ബി.എഫ്.സികളും ഇതു പാലിക്കണം. തുടർച്ചയായി 90 ദിവസം വായ്‌പാ തിരിച്ചടവ് മുടങ്ങിയാലാണ് നിലവിൽ കിട്ടാക്കടമായി പ്രഖ്യാപിക്കുന്നത്. ഇത് 180 ദിവസമായി ഉയർത്തി.
ലാഭവിഹിതം പ്രഖ്യാപിക്കരുത്
ഇനിയൊരു അറിയിപ്പ് വരെ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും ലാഭവിഹിതം പ്രഖ്യാപിക്കരുത്.
എല്ലാ ആയുധവും പ്രയോഗിക്കും:
ശക്തികാന്ത ദാസ്
ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിന്ന് ഒൻപത് ലക്ഷം കോടി ഡോളറാണ് (690 ലക്ഷം കോടി രൂപ) കൊവിഡ് തൂത്തെറിഞ്ഞത്. മാർച്ചിൽ ഇന്ത്യയുടെ കയറ്റുമതി 34.6 ശതമാനം താഴ്‌ന്നു. വാഹന നിർമ്മാണ മേഖല പ്രതിസന്ധിയിലാണ്. പ്രതിസന്ധി മറികടക്കാൻ എല്ലാ ആയുധങ്ങളും ഉപയോഗിക്കും.