കൊല്ലം: ലോക്ക് ഡൗൺ സമയത്ത് ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും യാത്രകൾക്ക് തടസമുണ്ടാക്കരുതെന്ന് കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അന്തർജില്ല, അന്തർസംസ്ഥാന യാത്രകൾ തടസമില്ലാതെ നടത്താമെന്ന കേന്ദ്ര സർക്കാർ ഉത്തരവ് നിലനിൽക്കെ തിരുവനന്തപുരം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് കൊല്ലം ജില്ലയിൽ നിന്ന് പോകുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരെ പൊലീസ് തടയുന്നതായും അധിക്ഷേപിക്കുന്നതായും പരാതിയുണ്ട്. മറ്റു ജില്ലാ അതിർത്തികളിൽ നടക്കുന്ന പരിശോധനകളിൽ ആരോഗ്യ പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട അധികാരികൾ കൂടുതൽ ശ്രദ്ധ പാലിക്കേണ്ടതുണ്ട്. ഇത്തരം നടപടികളെ ശക്തമായി അപലപിക്കുന്നതിനൊപ്പം കൊവിഡിനെതിരെ യുദ്ധമുഖത്തുള്ള ആരോഗ്യ പ്രവർത്തകർക്ക് സുഗമമായ സഞ്ചാരം ഉറപ്പാക്കണമെന്നും ആശുപതികളുടെ പ്രവർത്തനത്തെ ബാധിക്കാത്ത രീതിയിൽ ക്രമീകരണങ്ങൾ ചെയ്യണമെന്നും കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ.എസ്. അജയകുമാറും സെക്രട്ടറി ഡോ. ക്ലെനിൻ ഫ്രാൻസിസ് ഫെരിയയും ആവശ്യപ്പെട്ടു.