brazil

റിയോ ഡി ജനീറോ: കൊവിഡ് ഭീഷണിയ്ക്കിടെ ബ്രസീൽ പ്രസിഡന്റ് ജയർ ബൊൾസൊനാരോ മന്ത്രിസഭയിൽ നിന്ന് ആരോഗ്യമന്ത്രി ലൂയിസ് ഹെൻറിക് മൻഡെറ്റയെ പുറത്താക്കി. ഇരുവരും തമ്മിലുള്ള അഭിപ്രായ ഭിന്നതകളാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ.

കൊവിഡിനെ നിസാരമായാണ് ബൊൾസൊനാരോ കണ്ടിരുന്നത്. ലോക്ക്ഡൗൺ പോലുള്ള നടപടികളോട് അദ്ദേഹം വിയോജിച്ചിരുന്നു. എന്നാൽ, ബൊൾസൊനാരോയുടെ നിലപാടുകളെ ഡോക്ടർ കൂടിയായ മൻഡെറ്റ ശക്തമായി വിമർശിച്ചിരുന്നു. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന ഗവർണർമാർ മുഖേന അദ്ദേഹം നടപ്പാക്കിയ കർശന ഐസൊലേഷൻ നടപടികൾ അടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഏറെ ജന പിന്തുണ ലഭിച്ചിരുന്നു. ഇതിൽ ബൊൾസൊനാരോ അസ്വസ്ഥനായിരുന്നെന്നാണ് റിപ്പോർട്ടുകൾ. മൻഡെറ്റയുടെ സെക്രട്ടറിയും പ്രശസ്ത സാംക്രമികരോഗ വിദഗ്ദ്ധനുമായ വാൻഡേഴ്‌സൺ ഡി ഒലിവേര കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.