covid-19

വാഷിംഗ്‌ടൺ: കൊവിഡ് 19 വൈറസ് ചൈനയുടെ ജൈവായുധമായിരുന്നുവെന്ന് രോഗം ലോകവ്യാപകമായി പടരുന്നതിന് മുമ്പ് തന്നെ അമേരിക്കയടക്കമുള്ള രാജ്യങ്ങൾ ആരോപിച്ചിരുന്നു..ഇതിന്റെ സത്യാവസ്ഥ അറിയുന്നതിന് അമരേിക്ക സ്നന്തം നിലയിൽ അന്വേഷണവും ആരംഭിച്ചിരുന്നു. എന്നാൽ ലോകാരോഗ്യ സംഘടന ഈ വാദത്തിനെ തള്ളിക്കളഞ്ഞിരുന്നു.. ഇപ്പോഴിതാ വൈറസ് പുറത്തുവന്നതിനെകുറിച്ചുളള കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവിട്ടിരിക്കുകയാണ് അമേരിക്കൻ മാദ്ധ്യമമായ ഫോക്സ് ന്യൂസ്.. കൊവി‌ഡ് വൈറസിനെ ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ പരിശീലനാര്‍ത്ഥി അബദ്ധത്തില്‍ പുറത്തെത്തിച്ചതെന്നാണ് ഫോക്‌സ് ന്യൂസിന്റെ വെളിപ്പെടുത്തൽ.. പേര് വെളിപ്പെടുത്താത്ത കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് ഫോക്‌സ് ന്യൂസിന്റെ അവകാശവാദം.

വൈറസിനെപ്പറ്റിയുള്ള പഠനം വുഹാന്‍ ലബോറട്ടറിയില്‍ നടന്നിരുന്നു. വൈറസ് വ്യാപനം ആദ്യം നടന്നത് വവ്വാലില്‍നിന്ന് മനുഷ്യനിലേക്കാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആദ്യമായി വൈറസ് വ്യാപിച്ചത് ലാബിലെ പരിശീലനാര്‍ത്ഥിക്കാണ്. അബദ്ധത്തില്‍ വൈറസ് ബാധയേറ്റ പരിശീലനാര്‍ത്ഥി വുഹാന്‍ നഗരത്തിലുള്ള ലാബിന് പുറത്തേക്ക് വൈറസ് എത്താന്‍ ഇടയാക്കി.

വുഹാനിലെ വെറ്റ് മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവകേന്ദ്രമെന്നാണ് ചൈന ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍, അവിടെ വവ്വാലുകളെ വില്‍ക്കാറില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വുഹാന്‍ ലബോറട്ടറിയില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് ചൈന ആദ്യംതന്നെ വെറ്റ് മാര്‍ക്കറ്റിനെക്കുറിച്ച് പറഞ്ഞതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

അമേരിക്കയോട് കിട പിടിക്കുന്നതോ അതിനേക്കാള്‍ മെച്ചമായതോ ആയ ഗവേഷണ സംവിധാനം തങ്ങള്‍ക്കുണ്ടെന്ന് അവകാശപ്പെടാനാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി വുഹാന്‍ ലാബില്‍ വൈറസിനെപ്പറ്റിയുള്ള പഠനം നടത്തിയതെന്നും ചാനല്‍ അവകാശപ്പെടുന്നു.

വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ ഫോക്‌സ് ന്യൂസ് ലേഖകന്‍ ജോണ്‍ റോബര്‍ട്‌സ് ഇക്കാര്യം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ശ്രദ്ധയില്‍പ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവത്തില്‍ വുഹാന്‍ ലാബില്‍നിന്നാണ് വൈറസ് പുറംലോകത്ത് എത്തിയതെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്ന് അദ്ദേഹം പറഞ്ഞു.

ലാബിലെ ഒരു പരിശീലനാര്‍ഥിക്ക് അബദ്ധത്തില്‍ വൈറസ് ബാധയേല്‍ക്കുകയും അവരില്‍നിന്ന് ആണ്‍ സുഹൃത്തിലേക്ക് പകരുകയും ചെയ്തു. അവരില്‍നിന്നാണ് വൈറസ് വെറ്റ് മാര്‍ക്കറ്റില്‍ എത്തുകയും പകരുകയും ചെയ്തതെന്ന് മാദ്ധ്യമ പ്രവര്‍ത്തകന്‍ ട്രംപിനോട് പറഞ്ഞു. വാര്‍ത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ ട്രംപ് തയ്യാറായില്ല. എന്നാല്‍ അപകടകരമായ സ്ഥിതിവിശേഷം ഉണ്ടായത് എങ്ങനെ എന്നതിനെപ്പറ്റി വിശദമായ പരിശോധന നടത്തി വരികയാണെന്ന് ട്രംപ് പ്രതികരിച്ചു.