തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. കോഴിക്കോട് ജില്ലയിലെ അഴിയൂർ സ്വദേശിയായ മുപ്പത്തിയൊന്നുകാരനിലാണ് ഇന്ന് രോഗം കണ്ടെത്തിയിരിക്കുന്നത്. സമ്പർക്കത്തിലൂടെയാണ് ഇയാൾക്ക് രോഗം ബാധിച്ചത്. കേരളത്തിൽ ഇന്ന് മാത്രം പത്ത് പേരാണ് രോഗമുക്തി നേടിയത്. ഇക്കൂട്ടത്തിൽ ആറ് പേർ കാസർകോട് ജില്ലയിൽ നിന്നുമുള്ളവരാണ്. എറണാകുളം ജില്ലയിലെ രണ്ടുപേർക്കും ആലപ്പുഴ മലപ്പുറം എന്നീ ജില്ലകളിൽ ഓരോ ആൾക്ക് വീതവും രോഗം ഭേദമായിട്ടുണ്ട്.
ഒടുവിൽ കിട്ടുന്ന വിവരപ്രകാരം 138 പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 255 പേരാണ് രോഗത്തിന്റെ പിടിയിൽ നിന്നും മുക്തി നേടിയത്. ഇപ്പോൾ 78,980 പേർ മാത്രമാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 78,454 വീടുകളിലും 526 പേർ ആശുപ്രതിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 84 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
കഴിഞ്ഞ ഒരാഴ്ച കാലത്തിനിടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 32 പേരിലാണെങ്കിൽ ഇതേ കാലയളവിനിടെ രോഗമുക്തി നേടിയത് 131 പേരാണ്. ചുരുക്കത്തിൽ ഈ കാലയളവിനിടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തിന്റെ നാലിരട്ടിയാണ് രോഗമുക്തി നേടിയവരുടെ എണ്ണം. ഇതോടൊപ്പം ഒരാഴ്ചയ്ക്കുളിൽ അരലക്ഷം പേരെ നിരീക്ഷണത്തിൽ നിന്നും മാറ്റാനും സംസ്ഥാനത്തെ ആരോഗ്യ സംവിധാനത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ മാത്രം 9905 പേർ മാത്രം നിരീക്ഷണത്തിൽ നിന്നും ഒഴിവായിട്ടുണ്ട്.