fooma

കോഴിക്കോട്: കൊവിഡിനെ പ്രതിരോധിക്കാനുള്ള ലോക്ക്ഡൗൺ മൂലം സമ്പദ് പ്രതിസന്ധിയിലായ സംസ്ഥാനത്തെ പാദരക്ഷാ വ്യവസായ, വിപണന മേഖലയെ സംരക്ഷിക്കാൻ സർക്കാർ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫുട്‌വെയർ മാനുഫാക്‌ചറേഴ്സ് അസോസിയേഷൻ ഒഫ് കേരള (ഫൂമ) പ്രസിഡന്റ് ബാബു മാളിയക്കൽ, ജനറൽ സെക്രട്ടറി രജിത് മുല്ലശേരി എന്നിവർ ആവശ്യപ്പെട്ടു.

ചെറുതും വലുതുമായ 300 ഓളം ഉത്‌പാദന യൂണിറ്റുകൾ, ആയിരത്തോളം മൊത്തക്കച്ചവടക്കാർ, ഇരുപതിനായിരത്തോളം റീട്ടെയിൽ ഷോപ്പുകൾ എന്നിവ ഉൾപ്പെടുന്നതാണ് കേരളത്തിലെ പാദരക്ഷാ വ്യവസായ-വാണിജ്യ മേഖല. ലക്ഷത്തിലേറെ പേർ ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം കഴിക്കുന്നു.

ഉത്‌പാദന മേഖലയിൽ മിക്കതും 10 മുതൽ 100 തൊഴിലാളികൾ വരെയുള്ള മൈക്രോ യൂണിറ്റുകളാണ്. സ്വയം തൊഴിലിന്റെ ഭാഗമായി വനിതകൾ ഉൾപ്പെടെ ധാരാളം പേർ ഈ രംഗത്ത് സംരംഭകരായുണ്ട്. തൊഴിലാളികളുടെ വേതനം, ബാങ്ക് വായ്‌പാ പലിശ, ഫിക്‌സഡ് കറന്റ് ചാർജ് തുടങ്ങിയ ചെലവുകൾ വഹിച്ച് മുന്നോട്ടുപോകാനാവാത്ത സ്ഥിതിയാണുള്ളത്. ലോക്ക്ഡൗണിൽ ഇളവുകൾ നൽകുമ്പോൾ പാദരക്ഷാ സ്ഥാപനങ്ങൾ തുറക്കാനുള്ള അനുമതിയും ലഭ്യമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു.