കൊച്ചി: ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പാക്കുന്നതിനും കൊവിഡ് വ്യാപനം തടയുന്നതിനുമാണ് മുൻഗണന നൽകുന്നതെന്നും പ്രവാസികളെ ഇപ്പോള്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍.
യു.എ.ഇയില്‍നിന്നും മറ്റ് ഗൾഫ് രാജ്യങ്ങളില്‍നിന്നുമുള്ള പ്രവാസി മലയാളികളെ മടക്കിക്കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് അറിയിച്ചത്. കെ.എം.സി.സി. പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിരുന്നത്. യു.എ.ഇ. ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പ്രവാസികളുടെ വിസ കാലാവധി നീട്ടി നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
പ്രവാസി മലയാളികളെ തിരികെ കൊണ്ടുവരാന്‍ കേരളം തയ്യാറാണെങ്കില്‍ അതിന് അനുവദിച്ചു കൂടേയെന്ന് ഹൈക്കോടതി കേന്ദ്രത്തോട് ആരാഞ്ഞു. എന്നാല്‍ ഒരു സംസ്ഥാനത്തിനു വേണ്ടി അത്തരമൊരു തീരുമാനം കൈക്കൊള്ളാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. അത്തരത്തിലൊരു തീരുമാനം കേന്ദ്രം എടുത്താല്‍, മറ്റു സംസ്ഥാനങ്ങള്‍ സമാന ആവശ്യം ഉന്നയിക്കുമെന്നും കേന്ദ്രം അറിയിച്ചു പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.