covid-19

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗികളിൽ പതിമ്മൂന്ന് ശതമാനം രോഗമുക്തരായതായും രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതിന്റെ വേഗത കുറഞ്ഞെന്നും കേന്ദ്രആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗപരിശോധന വർദ്ധിച്ച സാഹചര്യത്തിൽ പുതിയ രോഗികളുടെ വർദ്ധന 40 ശതമാനം കുറഞ്ഞെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

പുതിയ രോഗികളുടെ വർദ്ധന മാർച്ച് 15 മുതൽ 31 വരെ ശരാശരി 2.1ശതമാനം ആയിരുന്നു. ഇത് ഏപ്രിൽ 1 മുതൽ ശരാശരി 1.2 ശതമാനമായി കുറഞ്ഞു.

ഇന്നലെ വരെ 13,​387 രോഗികളിൽ 1,​749 പേരാണ് രോഗമുക്തരായത്. ഇത് 13ശതമാനമാണ്. ലോക്ഡൗണിന് മുൻപ് കേസുകൾ മൂന്നു ദിവസം കൊണ്ടാണ് ഇരട്ടിയായത്. കഴിഞ്ഞ ഏഴുദിവസത്തെ കണക്ക് പ്രകാരം ഇരട്ടിപ്പ് കാലയളവ് 6.2 ദിവസമായി. കേരളം,ഉത്തരാഖണ്ഡ്,ഹരിയാന,ലഡാക്ക്,ഹിമാചൽപ്രദേശ്,ചണ്ഡീഗഡ്, പുതുച്ചേരി, ബീഹാർ,ഒഡിഷ,തമിഴ്‌നാട്,തെലുങ്കാന, ആന്ധ്രപ്രദേശ്, യു.പി, ഡൽഹി, ജമ്മുകാശ്മീർ,കർണാടക,പഞ്ചാബ്,അസം,ത്രിപുര എന്നിവിടങ്ങളിൽ രോഗികളുടെ ഇരട്ടിപ്പ് നിരക്ക് ദേശീയ ശരാശരിയെക്കാൾ കുറവാണ്. മരണവുമായി താരതമ്യപ്പെടുത്തുമ്പോൾ രോഗമുക്തരാകുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് രോഗവ്യാപനം തടയുന്നതിലും സമ്പർക്കത്തിലുള്ളവരെ കണ്ടെത്തി പരിശോധനനടത്തുന്നതിലും കേരളം മികച്ച പ്രവർത്തനം നടത്തി. സമാന ഇടപെടലുകൾ രാജ്യത്തെ മറ്റിടങ്ങളിലും നടക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കൊവിഡ് സാമ്പിളുകളുടെ പരിശോധന വർദ്ധിക്കുന്നതിനിടെയാണ് പുതിയ രോഗികൾ കുറഞ്ഞത്. മൂന്നുമാസമായി കൊവിഡ് വൈറസ് ബാധ രാജ്യത്തുണ്ട്. ഇതിന്റെ വ്യാപനം പെട്ടെന്ന് സംഭവിച്ചതല്ല.വാക്‌സിനുകൾ വികസിപ്പിക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്.

മേയ് മാസത്തോടെ 10ലക്ഷം റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ തദ്ദേശീയമായി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ, വെൻറിലേറ്ററുകൾ, മറ്റു ജീവൻരക്ഷാ ഉപാധികൾ എന്നിവ തദ്ദേശീയമായി രൂപകൽപ്പന ചെയ്യാനുള്ള ശ്രമം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പുരോഗമിക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

@രാജ്യത്ത് 1,919 കൊവിഡ് സമർപ്പിത ആശുപത്രികൾ

@1.73 ലക്ഷം ഐസൊലേഷൻ കിടക്കകൾ

@21,800 ഐ.സി.യു കിടക്കകൾ
@ഇതുവരെ 3.19 ലക്ഷം ടെസ്റ്റുകൾ നടത്തി.

@ഒരു ദിവസം മാത്രം 28,340 ടെസ്റ്റുകൾ നടത്തി.

@28 ദിവസത്തിനുള്ളിൽ സെക്കൻഡറി കേസുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും.