പാൽഘർ: മോഷ്ടാക്കളെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ പാൽഘറിൽ മൂന്നു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. വ്യാഴാഴ്ച രാത്രി ദബാടി-ഖാൻവേൽ റോഡിലായിരുന്നു നാടിനെ നടുക്കിയ സംഭവം.സുശീൽഗിരി മഹാരാജ്, നീലേഷ് തെൽഗാടെ, ജെയേഷ് തെൽഗാടെ എന്നിവരാണ് മരിച്ചത്. മരിച്ചതിൽ ഒരാൾ ഡ്രൈവറും മറ്റു രണ്ടുപേർ സഹോദരങ്ങളുമാണെന്നാണ് വിവരം. ഇരുന്നൂറിലധികം പേർ ചേർന്നാണ് അക്രമം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവർ നാസിക്കിൽ നിന്ന് വാനിൽ വരവെയായിരുന്നു അക്രമണം. കല്ലേറിൽ വാൻ നിറുത്തിയതോടെ ഇരച്ചെത്തിയ അക്രമകാരികൾ വാനിൽ നിന്ന് പിടിച്ചിറക്കി മൂന്നുപേരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വാൻ ഡ്രൈവർ അറിയിച്ചതനുസരിച്ചെത്തിയ പൊലീസിനെയും ജനക്കൂട്ടം വെറുതെ വിട്ടില്ല. ഇവർക്കും കല്ലേറിൽ പരിക്കുണ്ട്. മൂന്നുപേരെയും കാസാ സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ചു പൊലീസുകാരും ചികിത്സ തേടി. മുപ്പതു പേരെ കസ്റ്റഡിയിലെടുത്തെന്നും വിവരമുണ്ട്.