റിയാദ്: തൊഴിൽ ചെയ്യാനായി സൗദി അറേബിയയിലേക്ക് എത്തുന്ന പ്രവാസികളുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്തമാണെന്ന് സൗദി രാജാവിന്റെ മകനും മദീന പ്രവിശ്യയുടെ ഗവർണറുമായ ഫൈസൽ ബിൻ സൽമാൻ. എല്ലാ ജോലിക്കാരെയും ഒരുപോലെ കാണാനാണ് തങ്ങളുടെ മതം പറയുന്നതെന്നും അവർക്ക് ശാരീരികമായോ മാനസികമായോ ദോഷം വരുന്ന കാര്യങ്ങൾ ഒരു വിധത്തിലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി തൊഴിലാളികൾക്കായി പുതുതായി പണികഴിപ്പിച്ച താമസസ്ഥലങ്ങൾ സന്ദർശിക്കാനായി എത്തിയതായിരുന്നു അദ്ദേഹം.
'തങ്ങളുടെ കുടുംബത്തിനും തങ്ങൾക്കും നല്ലൊരു ജീവിതം ആഗ്രഹിച്ച് ഇവിടേക്ക് എത്തുന്ന പ്രവാസികൾ ഞങ്ങളുടെ ഉത്തരവാദിത്തമാണ്. അവർ തങ്ങളുടെ നാടുകളിലേക്ക് തിരിച്ച് പോകും വരെ അവരുടെ സംരക്ഷണത്തിനായി വേണ്ടതെല്ലാം ചെയ്യുന്നതാണ്. രാജ്യത്തിന്റെ വികസനത്തിനായി ജോലി ചെയ്യുന്ന അതിഥികളായാണ് നമ്മൾ പ്രവാസികളെ കാണുന്നത്. അവർ ഒരിക്കലും ഒരു ഭാരമല്ല'- ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ പറയുന്നു.
സൗദി അറേബ്യയെക്കുറിച്ച് പ്രവാസികളുടെ മനസിൽ നല്ല ചിത്രം സൃഷ്ടിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും രാജകുമാരൻ വ്യക്തമാക്കി. ഭൂരിഭാഗം തൊഴിലാളികളെയും ഉൾക്കൊള്ളുന്ന പദ്ധതിക്കാണ് അടുത്തിടെ മദീനയിൽ ഭരണാധികാരികൾ തുടക്കമിട്ടിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ അവ പൂർത്തിയാക്കുകയെന്നതാണ് ഭരണകർത്താക്കളുടെ ലക്ഷ്യം. നിലവിൽ പ്രവാസികൾക്കായി മൂന്ന് പാർപ്പിട പദ്ധതികളാണ് നടപ്പാക്കുന്നത്. മൂന്ന് മാസത്തിനുള്ളിൽ ഇവയുമായി ബന്ധപ്പെട്ട ജോലികൾ പൂർത്തിയാക്കുമെന്നാണ് വിവരം.