ദിവസവേതനത്തിലൂടെ ജീവിതം മുന്നോട്ടു നയിച്ച ഇവരുടെ കൊവിഡ്ക്കാലത്തെ ജീവിതം
ആദ്യാനുഭവം
പാലുകാച്ചൽ നടക്കേണ്ടിയിരുന്ന വീടുകളുടെ ഉൾപ്പടെ പെയിന്റിംഗ് പാതി വഴിയിൽ നിലച്ചു. വില കൂടിയ വാട്ടർ എമൽഷൻ പെയിന്റുകൾ ഉപയോഗശൂന്യമായി. കലക്കി കഴിഞ്ഞാൽ പരമാവധി ഒരാഴ്ചവരെ മാത്രമേ ഇത്തരം പെയിന്റുകൾ സൂക്ഷിക്കാൻ കഴിയൂ. 33 വർഷത്തെ തൊഴിൽ ജീവിതത്തിനിടയിൽ ആദ്യമായാണ് ഇത്രയും ദിവസം പണി നഷ്ടപ്പെടുന്നത്.
- പി. പ്രസന്നൻ , പെയിന്റർ
ഇനി മഴക്കാലം
വീടുകളിലെ ആവശ്യങ്ങൾക്ക് ദിവസവും ആളുകൾ വിളിക്കുന്നുണ്ട്. 500 രൂപയുടെ പണിക്കു പുറത്തു പോയാൽ പതിനായിരം രൂപ പെറ്റി കൊടുക്കേണ്ട സ്ഥിതിയാണ്.ഇനി വരുന്നത് മഴ കാലമാണ്.ഇനി അങ്ങോട്ട് വേണ്ടത്ര പണി കിട്ടുന്ന കാര്യം സംശയമാണ്.
- പി.സുനിൽ , പ്ലംബർ
ചെറിയ പണികൾ മാത്രം
വീടുകളുടെ പാലുകാച്ചൽ സീസണായതിനാൽ കൂടുതൽ ജോലി കിട്ടുന്ന സമയമാണ്. അത് പൂർണമായി നഷ്ടപ്പെട്ടു. ജൂൺ മുതൽ ആഗസ്റ്റ് വരെ വലിയ ജോലികൾ വരാറില്ല. മഴ മൂലമുള്ള ചെറിയ പണികൾ ലഭിക്കും. ലോക്ക് ഡൗണായിട്ടും ആളുകൾ വിളിക്കുന്നുണ്ട്. അത്യാവശ്യക്കാർക്ക് ചെയ്ത് കൊടുക്കും. എന്നാൽ സ്പെയർ പാർട്സുകൾക്ക് ക്ഷാമമുണ്ട്.
- മനീഷ് മംഗളാനന്ദൻ ,
ഇലക്ട്രീഷ്യൻ
കീടനാശിനി കിട്ടാനില്ല
ലോക്ക് ഡൗണായതോടെ നെല്ലിന് തളിക്കാനുള്ള മരുന്ന് കിട്ടാതായതാണ് പ്രധാന ബുദ്ധിമുട്ട്. പല പാടശേഖരങ്ങളിലും ചാഴിയും മുഞ്ഞയും ബാധിച്ചു. ആഴ്ചയിലൊരിക്കലെങ്കിലും കീടനാശിനി കടകൾ തുറന്നാൽ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ സാധിക്കും. സർക്കാർ ഇടപെടൽ ഉണ്ടായതിനാൽ പുഞ്ച കൃഷിയുടെ വിളവെടുപ്പ് സമയത്ത് നടക്കുന്നുണ്ട്.
- വിദ്യാധരകുമാർ,
കർഷകൻ
എല്ലാം താറുമാറായി
സാധാരണ മാർച്ച്,ഏപ്രിൽ മാസങ്ങളിൽ നിന്ന് തിരിയാൻ നേരം കിട്ടാറില്ല. മേടമാസത്തിൽ കയറിത്താമസം തുടങ്ങുന്ന വീടുകളുടെ ഇന്റീരിയർ ജോലികൾ ധാരാളമായി ചെയ്യുന്ന സമയമാണ് തകർന്നത്. പല പണികളും പകുതി വഴിയിൽ കിടക്കുകയാണ്. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഷീറ്റുകൾ ഉൾപ്പെടെ കിട്ടിയിട്ടു വേണം പല പണികളും പൂർത്തീകരിക്കാൻ.
- ഉദയകുമാർ, ആശാരി