കണ്ണിന് പ്രത്യേക സംരക്ഷണം ഉറപ്പാക്കിയാൽ മാത്രമേ വേനൽക്കാലത്ത് ഉണ്ടാകുന്ന പകർച്ച വ്യാധികൾ ഉൾപ്പടെയുള്ള നേത്രരോഗങ്ങളെ പ്രതിരോധിക്കാനാവൂ. അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ പുറത്തിറങ്ങുമ്പോൾ കുട, കൂളിംഗ് ഗ്ലാസ് എന്നിവ ഉപയോഗിക്കണം. ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ നിർബന്ധമായും ഹെൽമറ്റും കൂളിംഗ് ഗ്ലാസും ധരിക്കണം.
വേനൽക്കാലത്ത് നദികളിലും സ്വിമ്മിംഗ് പൂളിലും കുളത്തിലും നീന്തുന്നവർ കണ്ണട ധരിക്കണം. കുളിക്കുന്ന വെള്ളം മാലിന്യം കലരാത്തതാണെന്ന് ഉറപ്പു വരുത്തുകയും വേണം. കണ്ണിലേക്ക് അതിശക്തമായി ജലം അടിച്ച് കഴുകുന്നതും ദിവസവും നിരവധി തവണ കണ്ണുകൾ കഴുകുന്നതും ദോഷം ചെയ്യും. പൈപ്പു വെള്ളത്തിലും മാലിന്യം കലർന്നിട്ടുള്ള വെള്ളത്തിലും കണ്ണ് കഴുകരുത്.
തിളപ്പിച്ചാറിച്ച തണുത്ത ശുദ്ധജലത്തിൽ മാത്രം കണ്ണ് കഴുകുക. തോർത്ത്, തൂവാല എന്നിവ കൈമാറി ഉപയോഗിക്കരുത്. ഡോക്ടറുടെ നിർദ്ദേശമില്ലാതെ തുള്ളിമരുന്നുകൾ ഉപയോഗിക്കരുത്.