കണ്ണൂർ: അഴിക്കോട് എം.എൽ.എ, കെ.എം. ഷാജിക്കെതിരായ കേസിൽ വിജിലൻസ് ഇന്ന് എഫ്.ഐ.അർ നടപടികൾ പൂർത്തിയാക്കും. നേരത്തെ കെ.എം.ഷാജിക്കെതിരെ കേസ് എടുക്കാൻ സർക്കാരിന്റെ അനുമതി ലഭിച്ചയുടൻ വിജിലൻസ് എഫ്.ഐ.ആറിന്റെ നടപടി ക്രമങ്ങൾ ആരംഭിച്ചിരുന്നു. നിലവിൽ ഈ ജോലികൾ അവസാനഘട്ടത്തിലാണ്. നിയമോപദേശകളുടെ പരിശോധന ഇന്നത്തോടെ പൂർത്തിയാകുമെന്നാണ് വിവരം. വിജിലൻസ് കണ്ണൂർ ഡി.വൈ.എസ്.പി വി.മധുസൂദനന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിക്കും. കോഴിക്കോട് വിജിലൻസ് റേഞ്ച് എസ്.പി പി.സി സജീവനാണ് മേൽനോട്ടച്ചുമതല.
ഷാജിക്കെതിരായ വിജിലൻസ് നടപടിയെ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് മുസ്ലീം ലീഗും യു.ഡി..എഫും തീരുമാനിച്ചിരിക്കുന്നത്. സ്പ്രിൻക്ലർ ഇടപാടിൽ ജനങ്ങളുടെ മുന്നിൽ ഒറ്റപ്പെട്ട മുഖ്യമന്ത്രിയുടെ അസഹിഷ്ണുതയാണ് കേസെടുക്കുന്നതിലൂടെ പുറത്തു വന്നിരിക്കുന്നത് എന്നാണ് യു.ഡിഎഫ് നേതാക്കൾ പറയുന്നത്. എന്നാൽ സർക്കാരിന്റെത് പ്രതികാര നടപടിയല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എൽഡിഎഫ്.
അഴീക്കോട് സ്കൂളിൽ പ്ലസ്ടു അനുവദിക്കുന്നതിനായി സ്കൂൾ മാനേജ്മെന്റിൽ നിന്ന് കെ.എം.ഷാജി എം.എൽ.എ 25 ലക്ഷം രൂപ വാങ്ങിയെന്ന പരാതിയിലാണ് വിജിലൻസ് അന്വേഷണം. എം.എൽ.എ പണം കൈപറ്റിയെന്ന ആരോപണം ലീഗ് അഴിക്കോട് പഞ്ചായത്ത് കമ്മിറ്റി മുൻ ഉപധ്യക്ഷൻ നൗഷാദ് പൂതപ്പാറയാണ് ഉയർത്തിയത്. തുടർന്ന് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പത്മനാഭൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ വിജിലൻസ് അന്വേഷണത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.