തന്റെ ലോക്ക്ഡൗൺ അനുഭവങ്ങളെക്കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ മനസു തുറന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി സ്രിൻഡ. ഒപ്പം ചില ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ലോക്ക്ഡൗൺ തനിക്ക് വലിയ റോളർ കോസ്റ്ററാണെന്നാണ് സ്രിൻഡ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇക്കഴിഞ്ഞ ഓരോ ദിവസവും തന്റെ തന്നെ വ്യത്യസ്തമായ പതിപ്പുകളാണ് കാണുന്നത്. ഈ കാലവും കടന്നുപോകും എന്ന ആത്മവിശ്വാസവും താരം കുറിപ്പിൽ പങ്കുവച്ചിരിക്കുകയാണ്.
" ഇതെനിക്ക് മാത്രമാണോ ഈ ലോക്ക് ഡൗൺ ദിനങ്ങൾ റോളർകോസ്റ്റർ പോലെ തോന്നിപ്പിക്കുന്നത്. ചില ദിവസങ്ങളിൽ ഏറെ ഊർജ്ജത്തോടെ, പ്രതീക്ഷയോടെയാണ് എഴുന്നേൽക്കുക, എന്നാൽ ചില ദിവസങ്ങളിൽ എന്നേക്കാൾ വലിയ മടിച്ചി വേറെയുണ്ടാകില്ല. ഒരുകാര്യവും ചെയ്യാനില്ലാതെ, ഇൻസ്റ്റഗ്രാമിൽ ചുമ്മാ ചിത്രങ്ങൾ നോക്കിയിരിക്കും. പിന്നെ തലവേദന വരും വരെ എന്റെ പ്രിയപ്പെട്ട സിനിമയും സീരിസുമൊക്കെ കണ്ടിരിക്കും. പീന്നീടുള്ള സമയം ഇപ്പോഴുള്ള ഈ മഹാമാരിയുടെ അടുത്ത ഘട്ടം എന്താവുമെന്നൊക്കെ ചിന്തിച്ചിരിക്കും. ഇതൊക്കെ കഴിയുമ്പോൾ ഉള്ളിൽ നിന്നും ചെറിയൊരു ശബ്‍ദം, ലോകം ഇതിൽ നിന്നും സുഖപ്പെടുമെന്നു പറയും. ഈ കാലവും കടന്നുപോകും, കൂടുതൽ ശക്തരായി അറിവുള്ളവരായി അനുകമ്പയുള്ളവരായി നമ്മളെല്ലാം തിരിച്ചുവരും" സ്രിൻഡ പറയുന്നു.