ക്യാപ് നൗ : കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യം കായികലോകത്തിന് വൻ തിരിച്ചടിയായി. സൂപ്പർ താരം നെയ്മറെ തിരികെ ക്ലബ്ബിൽ എത്തിക്കാനുള്ള നീക്കം ബാഴ്‌സ ഉപേക്ഷിക്കുന്നു. സ്പാനിഷ് മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. സമ്മർ ട്രാൻസ്ഫർ വിപണയിലെ പ്രധാന താരമായ ബ്രസീലിയൻ സ്ട്രൈക്കർ നെയ്മർ ബാഴ്‌സയിലേക്ക് മടങ്ങുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം. ഇക്കാര്യം ക്ലബ്ബ് മാനേജ്‌മെന്റും പരിഗണിച്ചിരുന്നു. ഇതിനിടെയാണ് കൊവിഡ് പടർന്ന്പിടിച്ചത്.
പി.എസ്.ജി താരമായ നെയ്മറിനെ തിരിച്ചുകൊണ്ടുവരാനുള്ള തുക നിലവിൽ ബാഴ്‌സയ്ക്ക് നൽകാനാവില്ലെന്നാണ് ക്ലബ്ബ് മാനേജ്‌മെന്റ് ചൂണ്ടിക്കാണിക്കുന്നത്. സമ്മർ ട്രാൻസ്ഫറിൽ നിരവധി താരങ്ങളെ ടീമിലെത്തിക്കാൻ ബാഴ്‌സ ശ്രമിക്കുന്നുണ്ട്. എന്നാൽ,ക്ലബ്ബിന് താങ്ങാവുന്ന താരങ്ങളെ മാത്രം ഇത്തവണ സൈൻ ചെയ്യാനാണ് ക്ലബ്ബിന്റെ ശ്രമം. നെയ്മറിനായി നൽകുന്ന ഭീമമായ തുക മറ്റ് നിരവധി താരങ്ങളെ വാങ്ങാൻ നൽകാമെന്നാണ് കറ്റാലൻസിന്റെ കണക്കുകൂട്ടൽ.
അതേസമയം, ഇന്റർമിലാൻ താരം ലൗട്ടോരോ മാർട്ടിനെസിനെ ടീമിലെത്തിക്കുമ്പോൾ നെയ്മറുടെ ആവശ്യമില്ലെന്നാണ് ബാഴ്‌സയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണയും പി.എസ്.ജിയുടെ ഓഫർ ബാഴ്‌സയ്ക്ക് താങ്ങാൻ കഴിയാതെയാണ് നെയ്മറെ വീണ്ടും ടീമിലെത്തിക്കാൻ കഴിയാഞ്ഞത്. എന്നാൽ മെസിയടങ്ങുന്ന സീനിയർ താരങ്ങൾ ബാഴ്‌സയുടെ പുതിയ നീക്കത്തിനെതിരേ പ്രതികരിച്ചിട്ടില്ല. 2017 ലാണ് 222 മില്യൺ യൂറോയ്ക്ക് ബാഴ്‌സലോണയിൽ നിന്നും നെയ്മറെ പി.എസ്.ജി വാങ്ങിയത്. എന്നാൽ താരങ്ങളുമായുള്ള അസ്വാരസ്യങ്ങൾ കാരണം നെയ്മർ ക്ലബ്ബ് വിടാൻ തീരുമാനമെടുത്തിരിക്കെയാണ് ബാഴ്‌സ തീരുമാനം മാറ്റിയിരിക്കുന്നത്.