ഹോളിവുഡ് നടി ആഞ്ജലീന ജോളിയാവാനായി സർജറി നടത്തിയെന്ന പേരിൽ ലോകശ്രദ്ധ നേടിയ ഇറാൻ സ്വദേശി സഹർ തബറിന് കൊവിഡ് 19 ആണെന്ന് റിപ്പോർട്ട് . എന്നാൽ സഹർ തബർ ഇപ്പോൾ ജയിലിലാണ്. മതനിന്ദ ആരോപിച്ച് 2019ലാണ് സഹർ തബറിനെ ജയിലിലാക്കിയത്. കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് മനുഷ്യാവകാശ കമ്മിഷൻ സഹറിന് വേണ്ടി ജാമ്യത്തിന് അപേക്ഷിച്ചിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ സഹറിനെ പുറത്ത് വിടുന്നത് അപകടകരമാണെന്നതിനാൽ ജാമ്യം നൽകിയില്ല. ജയിലിൽ നിന്ന് സഹറിനെ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യനില വഷളായതിനാൽ വെന്റിലേറ്ററിലാണ് സഹർ.
ഫത്തേമേ ഖിഷ്വന്ത് എന്നാണ് സഹറിന്റെ യഥാർത്ഥ പേര്. ഇൻസ്റ്റഗ്രാമിൽ സഹർ തബർ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആഞ്ജലീനയെപ്പോലെയാവാൻ താൻ അമ്പത് ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു സഹർ തബറിന്റെ അവകാശവാദം. ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക,എന്നാണ് സഹർ സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഞ്ജലീനയെപ്പോലെയാവാൻ എന്തും ചെയ്യുമെന്നും ഭാരം നാൽപത് കിലോയിൽ കൂടാതിരിക്കാൻ ഭക്ഷണക്രമത്തിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയെന്നും സഹർ പറഞ്ഞിരുന്നു.
മതനിന്ദയ്ക്ക് പുറമേ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അക്രമം ചെയ്യാൻ പ്രേരിപ്പിച്ചു, അഴിമതിയെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾക്കാണ് സഹറിനെ അറസ്റ്റ് ചെയ്തത്.