kasargoid

കാസർകോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി റെഡ് സോണിൽ ഉൾപ്പെടുന്ന കാസർകോട് ജില്ലയിൽ ഏഴ്‌ പ്രദേശങ്ങളാണ് തീവ്ര ബാധിതമായി കണക്കാക്കിയിരിക്കുന്നത്. കാസർകോട് നഗരസഭ, മൊഗ്രാൽ പുത്തൂർ, മധൂർ, ചെങ്കള, ചെമ്മനാട്, ഉദുമ, പള്ളിക്കര ഗ്രാമ പഞ്ചായത്തുകൾ എന്നിവയാണ് തീവ്ര ബാധിത പ്രദേശങ്ങൾ. കർശന നിയന്ത്രണമായിരിക്കും ഈ പ്രദേശങ്ങളിലുണ്ടാവുക. പുറത്തിറങ്ങാനും അകത്തെത്താനുമായി ഓരോ പോയിന്റുകൾ മാത്രമാവും ഇവിടങ്ങളിൽ ഏർപ്പെടുത്തുക. പൊലീസിന്റെ കർശന നിരീക്ഷണം എപ്പോഴുമുണ്ടാവും.

അതേസമയം, മെയ് മൂന്ന് വരെ ഈ ഏഴ്‌ പ്രദേശങ്ങൾ മാറ്റിനിർത്തി മറ്റിടങ്ങളിൽ ചെറിയ ഇളവുകൾ അനുവദിച്ചേക്കുമെന്നാണ് പറയുന്നത്. സാമൂഹ്യ അകലം പാലിക്കുകയും മാസ്ക്ക് ധരിക്കുന്നത് നിർബന്ധമാക്കിയും ആയിരിക്കും ഇളവുകൾ.

അതിനിടെ ഏഴ്‌ പേർക്ക് രോഗം ബാധിച്ച കാഞ്ഞങ്ങാട് നഗരസഭയെ കൂടി റെഡ് സോണിലെ തീവ്രബാധിത പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതരുടെ നിർദ്ദേശമുണ്ട്.