കോട്ടയം: കുമളിയിലെ റിസോർട്ടിൽ ചാരായവും തോക്കും ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന തിരകളും കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടയിൽ നെടുങ്കണ്ടം സേനാപതി മുക്കുടിയിലെ ഏലത്തോട്ടത്തിൽ വാറ്റാനായി കെട്ടിവച്ചിരുന്ന കോടയും നാടൻ തോക്കും കണ്ടെത്തി. ഉടുമ്പൻചോല പൊലീസാണ് രഹസ്യവിവരത്തെ തുടർന്ന് ഏലത്തോട്ടത്തിൽ റെയ്ഡ് നടത്തിയത്. പൊലീസിനെ കണ്ട് നാല് പേർ ഓടിപ്പോയി. ഇവർക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്.
പാട്ടത്തിനെടുത്ത ഏലത്തോട്ടത്തിൽ കുടിൽ കെട്ടി ആഴ്ചകൾക്കു മുമ്പേ വാറ്റ് ആരംഭിച്ചിരുന്നതായി അറിയുന്നു. സുഗുണൻ എന്നയാളുടെ നേതൃത്വത്തിലാണ് ചാരായം വാറ്റിയിരുന്നതെന്നാണ് അറിയുന്നത്. കോട കമഴ്ത്തിക്കളഞ്ഞ് നശിപ്പിച്ചു. പിടിച്ചെടുത്ത വാറ്റുപകരണങ്ങൾ പൊലീസ് എക്സൈസിന് കൈമാറി.
ചെറിയ കാട്ടുമൃഗങ്ങൾ കൂടുതലായി പ്രത്യക്ഷപ്പെടുന്ന പ്രദേശമാണിവിടം. ഇവിടെ നായാട്ട് സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. പുറത്തുനിന്നും കൂടുതൽ ആളുകൾ മദ്യപിക്കാനും നായാട്ടിനുമായി എത്താറുണ്ടെന്ന് അറിവായിട്ടുണ്ട്. ഇവിടെ വാറ്റിയെടുക്കുന്ന ചാരായം നെടുങ്കണ്ടത്തും പരിസര പ്രദേശങ്ങലിലും വില്ക്കുന്നുണ്ടത്രേ. ജീപ്പുകളിലാണ് ചാരായം എത്തിക്കുന്നത്.
കുമളിയിലെ റിസോർട്ടിൽ ഒരു മാസം മുമ്പ് ചാരായവും തോക്കും കണ്ടെത്തിയിരുന്നു. ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന തിരകൾ റിസോർട്ടിൽ കണ്ടെത്തിയതോടെ സംസ്ഥാന ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്നും എത്തിയതാവാം തിരകൾ എന്ന നിഗമനത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചുവെങ്കിലും കൊറോണ -19 വ്യാപനത്തെ തുടർന്ന് അന്വേഷണം മരവിച്ചിരിക്കയാണ്.