തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് റെഡ് സോണല്ലാത്ത ചില ജില്ലകളിൽ 20ന് ശേഷം പൊതുഗതാഗതത്തിന് നിയന്ത്രണത്തോടെ ഇളവുകൾ അനുവദിച്ചെങ്കിലും ബസുകൾ ഓടിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. സർക്കാർ പ്രഖ്യാപിച്ച നിയന്ത്രണങ്ങളോടെ സർവീസ് നടത്താൻ കഴിയില്ലെന്നാണ് സ്വകാര്യ ബസുടമകൾ പറയുന്നത്. യാത്രക്കാരുടെ എണ്ണം പകുതിയായി കുറയ്ക്കുമ്പോൾ വരുമാനം കുത്തനെ കുറയുമെന്ന് സ്വകാര്യബസ് ഉടമകൾ പറയുന്നു. 50 സീറ്റുള്ള ബസിൽ പരമാവധി 25 യാത്രക്കാരെ മാത്രമാകും കയറ്റാനാകുക. ഇപ്പോഴത്തെ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെങ്കിൽ ഇന്ധനച്ചെലവിനുള്ള തുകപോലും ലഭിക്കില്ല. റോഡ് നികുതി ഈടാക്കുന്നത് സീറ്റ് അടിസ്ഥാനമാക്കി ആയതിനാൽ സ്വകാര്യബസുകൾ പൊതുവേ സീറ്റ് കുറച്ചാണ് രജിസ്റ്റർ ചെയ്തിരുന്നത്. അത്തരം ബസുകളിൽ ഒരു സീറ്റിന് ഒരാൾ എന്ന നിയന്ത്രണം കൊണ്ടുവന്നാൽ പരമാവധി യാത്രക്കാർ 17 ആകും. കെ.എസ്.ആർ.ടി.സി.യുടെ മാതൃകയിൽ മൂന്നുപേർക്ക് ഇരിക്കാവുന്ന സീറ്റുകൾ സ്വകാര്യബസുകളിലില്ല.
മിനിമം ചാർജ് പത്ത് രൂപയാക്കണമെന്നാണ് സ്വകാര്യ ബസുടമകളുടെ ആവശ്യം. വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് 5 രൂപയാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. നേരത്തെ ഈ ആവശ്യങ്ങളുന്നയിച്ച് സ്വകാര്യ ബസുകൾ സംസ്ഥാനത്ത് പണിമുടക്ക് നടത്തിയിരുന്നു. അന്ന് കൊവിഡിനെ തുടർന്ന് സഹകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം സർക്കാർ അവസാനിപ്പിച്ചത്. എന്നാൽ ലോക്ക് ഡൗണിന് ശേഷം ബസ് ഓടാതിരുന്നതോടെ പ്രതിസന്ധി രൂക്ഷമായെന്നാണ് ഉടമകൾ പറയുന്നത്.
തിങ്കളാഴ്ചയ്ക്ക് മുമ്പ് സർക്കാരുമായി ചർച്ച നടത്താൻ സംസ്ഥാനതലത്തിൽ ബസുടമാ
അസോസിയേഷൻ നീക്കം നടത്തുന്നുണ്ട്. ഓടാത്ത വണ്ടികൾക്ക് നികുതി അടയ്ക്കാൻ കഴിയില്ലെന്നും നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി നൽകിയതിന് പകരം ഇപ്രാവശ്യത്തെ നികുതിയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നുമാണ് ബസുടമകൾ സർക്കാരിന് മുന്നിൽ വയ്ക്കുന്ന പ്രധാനപ്പെട്ട നിർദ്ദേശം. ഇൻഷ്വറൻസ് കാലാവധി നീട്ടണമെന്നും ആവശ്യമുണ്ട്. ഒരു മാസത്തോളം ഓടാതെ കിടക്കുന്ന ബസുകൾ വീണ്ടും സർവീസ് നടത്തുമ്പോൾ ഓയിൽ മാറ്റുന്നതടക്കമുള്ള അറ്റകുറ്റപ്പണികൾ നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഒരു ലക്ഷം രൂപയുടെ വായ്പ അനുവദിക്കണമെന്നും സ്വകാര്യ ബസുടമകൾ സർക്കാരിനോട് ആവശ്യപ്പെടും.
കെ.എസ്.ആർ.ടി.സി തീരുമാനം ഇന്ന്
20നുശേഷം ബസ് സർവീസ് നടത്തുന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ അന്തിമ തീരുമാനം ഇന്നുണ്ടാകും. നിശ്ചിത ശതമാനം നിരക്കുയർത്താൻ കഴിയുന്ന ഫ്ളെക്സി ചാർജ് സംവിധാനം സ്വീകരിക്കാമെന്ന് മോട്ടോർവാഹനവകുപ്പ് സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്. എന്നാൽ ഇത് ഫലപ്രദമല്ലെന്നും നിലവിലെ ടിക്കറ്റിന്റെ ഇരട്ടിയോളം ഈടാക്കേണ്ടിവരുമെന്നുമുള്ള സൂചനയാണ് കെ.എസ്.ആർ.ടി.സി നൽകുന്നത്.അങ്ങനെയെങ്കിൽ മിനിമം ചാർജ് 8 രൂപയുള്ളിടത്ത് യാത്രക്കാരൻ ടിക്കറ്റ് ചാർജായി 16 രൂപ നൽകേണ്ടി വരും. നിയന്ത്രണങ്ങളോടെ ബസുകൾ ഓടിച്ച് കൂടുതൽ നഷ്ടം വരുത്തിവയ്ക്കണ്ട എന്ന അഭിപ്രായമാണ് കെ.എസ്.ആർ.ടി.സിയിലെ ഒട്ടുമിക്ക യൂണിയനുകൾക്കും ഉള്ളതെന്നും സൂചനയുണ്ട്. അതേസമയം റൂട്ട് ബസുകൾക്ക് നികുതികുറച്ച് ഡീസൽ നൽകണമെന്ന ആവശ്യം സ്വകാര്യ ബസുടമകൾക്കൊപ്പം കെ.എസ്.ആർ.ടി.സിയും ഉന്നയിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് സംസ്ഥാന സർക്കാർ അതിന് തുനിയുമോ എന്നാണ് കണ്ടറിയേണ്ടത്.