km-shaji

കണ്ണൂർ: കൊവിഡ് പ്രതിരോധത്തിനിടെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കെ.എം ഷാജി എം.എൽ.എ യുടെ പേരിലുള്ള കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെങ്കിലും ചോദ്യം ചെയ്യൽ അടക്കമുള്ള തുടർ നടപടികൾ ഉടൻ ഉണ്ടാവില്ലെന്ന് സൂചന നൽകി വിജിലൻസ് ഉദ്യോഗസ്ഥർ. കണ്ണൂരടക്കമുള്ള ജില്ലകൾ റെഡ് സോണിൽ പെട്ടതിനാൽ കർശന നിരീക്ഷണം വേണ്ടിവരും. അതിനിടയിൽ കേസിന്റെ തുടർ നടപടികളുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് കണ്ണൂർ വിജിലൻസ് ഡിവൈ.എസ്.പി മധുസൂദനൻ സൂചന നൽകി.

25 ലക്ഷം രൂപ കോഴവാങ്ങി എന്ന 2017ലെ പരാതിയിലാണ് വിജിലൻസ് ഇന്ന് കേസെടുക്കുന്നത്. വിജിലൻസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തത്കാലം തുടർ നടപടികൾ വേണ്ടെന്ന നിഗമനത്തിൽ എത്തിയതത്രേ. അതേസമയം കെ.എം. ഷാജിക്കെതിരായ കേസിൽ അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകിയത് ഷാജിയും സ്പീക്കർ പി. ശ്രീരാമകൃഷ്ണനും തമ്മിലുള്ള കൊമ്പുകോർക്കലിനും കാരണമായി. മുഖ്യമന്ത്രിയെ പേടിച്ചിട്ടാണ് സ്പീക്കർ കേസെടുക്കാൻ അനുമതി നൽകിയത് എന്ന ഷാജിയുടെപ്രസ്താവനയാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്.