മട്ടന്നൂർ: ആറളം വിയറ്റ്‌നാം മേഖലയിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 4 ലിറ്റർ ചാരായവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. എസ്. സിബി (31)ആണ് പിടിയിലായത്. ഇരിട്ടി എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ടി.കെ വിനോദന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർ കെ. ആനന്ദകൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ നെൽസൺ ടി. തോമസ്, ടി. സനലേഷ്, ബെൻഹർ കോട്ടത്തുവളപ്പിൽ, എക്‌സൈസ് ഡ്രൈവർ കെ. ബിനേഷ് എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി.വി പ്രഭാകരനും സംഘവും പയ്യന്നൂരിൽ നടത്തിയ റെയ്ഡിൽ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് വടക്ക് ഭാഗത്തെ റോഡരികിൽ നിന്നും 2 ലിറ്റർ ചാരായവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പയ്യന്നൂർ കേളോത്ത് സ്വദേശി ബേബി രാജി (32) നെയാണ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ സമയത്ത് പയ്യന്നൂർ ടൗണിൽ മദ്യം എത്തിക്കുന്ന ഇയാൾ പോക്‌സോ അടക്കം പല കേസിലും പ്രതിയാണ്. എക്‌സൈസ് ഇൻറലിജൻസ് ബ്യൂറോയിലെ വിനോദ്, സുധീർ എന്നിവരും പയ്യന്നൂർ റേഞ്ചിലെ ശ്രീനിവാസൻ, ബാലകൃഷ്ണൻ, ശരത്, ഖാലിദ്, ഫെമിൻ, വിജിത്ത്, ഡ്രൈവർമാരായ അനിൽകുമാർ, പ്രദീപ് എന്നിവരും റെയ്‌ഡിൽ ഉണ്ടായിരുന്നു.
പിണറായി മാങ്ങാട്ടിടം ദേശബന്ധു ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് മുന്നിലെ കുറ്റികാട്ടിൽ നിന്നും 50 ലിറ്റർ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. പിണറായി എക്‌സൈസ് റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ നസീറിന്റെ നേതൃത്വത്തിലുള്ള റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ യു. ഷാജി, സിവിൽ എക്‌സൈസ് ഓഫീസർമാരായ എം. ബിജേഷ്, പി.കെ ശരത്ത് എന്നിവർ പങ്കെടുത്തു.