covid-19

മുംബയ്: മുംബയിൽ ആരോഗ്യപ്രവർത്തകർക്ക് കൂട്ടത്തോടെ കോവിഡ്. ജസ്‌ലോക് ആശുപത്രിയിൽ 26 മലയാളി നഴ്സുമാരടക്കം 31 ആരോഗ്യ പ്രവർത്തകർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെല്ലാം നിരീക്ഷണത്തിലാണ്. ആശുപത്രിയിലെ നാല് മലയാളി നഴ്സുമാർക്ക് നേരത്തെ രോഗം പിടിപെട്ടിരുന്നു. ഇവരിൽ നിന്നാണ് 26 പേർക്കും കൊവിഡ് പകർന്നതെന്നാണ് സൂചന

മുംബയ് ആശുപത്രിയിലെ 12 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ രണ്ട് പേർ മലയാളികളാണ്. ഒരാൾ ഡോക്ടറും മറ്റൊരാള്‍ നഴ്സുമാണ്. മുംബയിൽ ഒരു മലയാളി ഡോക്ടർക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം രാത്രി പുറത്തുവിട്ട കണക്ക് പ്രകാരം ഭാട്ട്യ ആശുപത്രിയിലെ മലയാളി നഴ്സിനും പുതുതായി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മുംബയിലെ പല ആശുപത്രികളിലും ആരോഗ്യപ്രവർത്തകർക്ക് പി.പി.ഇ കിറ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ലഭിക്കുന്നില്ലെന്ന പരാതികൾ ഉയർന്നിട്ടുണ്ട്. 3,320 പേർക്കാണ് മഹാരാഷ്ട്രയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 2,003 രോഗികളും മുംബയിൽ നിന്നാണ്. 201 പേർ സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടു.