കണ്ണൂർ: കൊവിഡ് 19 വ്യാപനത്തെ ഏത് വിധേനയെയും പിടിച്ചു കെട്ടാൻ സന്നദ്ധമാണ് കണ്ണൂർ ജില്ലയിലെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ. തുടക്കത്തിൽ ആശങ്ക പരത്തി അതിവേഗം തീവ്രമായിരുന്ന രോഗത്തെ കനത്ത ജാഗ്രതയിലൂടെ നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർക്കായിരുന്നു. ഇനി രോഗം റിപ്പോർട്ട് ചെയ്തവരുമായി ബന്ധപ്പെട്ട് പൂർണ്ണമായി പ്രതിരോധം തീർക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നതെന്ന് ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. എം.കെ ഷാജ് പറഞ്ഞു. റാപ്പിഡ് ടെസ്റ്റ് കിറ്റ് കൂടി ലഭിച്ചാൽ ഇക്കാര്യത്തിൽ ഉണർവ് ഉണ്ടാകും. കൊവിഡ് 19 ബാധ സംശയിച്ച് ജില്ലയിൽ 5767പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 127 പേർ ആശുപത്രികളിലുണ്ട്. 59 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 18 പേർ ജില്ലാ ആശുപത്രിയിലും 11 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലും 39 പേർ കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലുമാണ്. ഇതുവരെ 1739 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 1464 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 1348 എണ്ണം നെഗറ്റീവ് ആണ്. 275 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഡോക്ടർ, നഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, നഴ്സിംഗ് അസിസ്റ്റന്റ്, ഹോസ്പിറ്റൽ അറ്റൻഡന്റർ എന്നിവരടങ്ങിയ ഓരോ സംഘത്തെയാണ് നിയോഗിച്ചത്. ജില്ലാ ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി, അഞ്ചരക്കണ്ടിയിലെ ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് എന്നീ നാല് ആശുപത്രികളിലാണ് ചികിത്സ. 616 പേർ വിവിധ ഷിഫ്റ്റുകളിലായി ഡ്യൂട്ടിക്ക് ഉണ്ട്. ജില്ലാ ആശുപത്രിയിൽ 90, തലശ്ശേരി ജനറൽ ആശുപത്രിയിൽ 90, ജില്ലാ കൊവിഡ് ചികിത്സാ കേന്ദ്രത്തിൽ 156, ഗവ. മെഡിക്കൽ കോളേജിൽ 280 എന്നിങ്ങനെയാണ് ഇവരുടെ സംഖ്യ. ഒരു ടീം 14 ദിവസം തുടർച്ചയായി ഡ്യൂട്ടിയിലുണ്ടാകും. വീടുകളിൽ പോകാതെ ആശുപത്രിയിൽ പ്രത്യേകം സജ്ജമാക്കുന്ന താമസസ്ഥലത്താണ് ഇവർ കഴിയുക. 14 ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞാൽ 14 ദിവസം ക്വാറന്റൈനിൽ കഴിയണം. എന്നിട്ടേ വീടുകളിലേക്ക് പോകാനാകൂ. അപ്പോഴേക്കും അടുത്ത സംഘം ചുമതല ഏൽക്കും.
ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. കെ നാരായണ നായ്ക്കിനാണ് ചുമതല. ജില്ലാ സർവെയലൻസ് ഓഫീസറും ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറുമായ ഡോ. എം.കെ ഷാജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.വി ലതീഷ്, ജില്ലാ നോഡൽ ഓഫീസർ ഡോ. എൻ. അഭിലാഷ് എന്നിവരാണ് നേതൃനിരയിലുള്ളത്. ജില്ലാ തലത്തിൽ പ്രത്യേക വിഷയങ്ങളിൽ ചുമതല നിർവഹിക്കുന്ന 15 അംഗ സംഘമുണ്ട്. ഇവരാണ് ചികിത്സയും അനുബന്ധ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്. ജില്ലയിൽ 104 പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ 8 ഹെൽത്ത് സൂപ്പർ വൈസർമാർ, 4 പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർ വൈസർമാർ, 79 ഹെൽത്ത് ഇൻസ്പെക്ടർമാർ, 58 പബ്ലിക് ഹെൽത്ത് നഴ്സുമാർ, 294 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, 401 ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാർ, 13 ഹെൽത്ത് ബ്ലോക്ക് പി.ആർ.ഒമാർ, 1958 ആശാ വർക്കർമാർ എന്നിവർ ഫീൽഡ്തല പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഇതര രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരുന്നവരുടെ വിവരശേഖരണം നടത്തുകയും അവരെ മാർഗനിർദ്ദേശമനുസരിച്ച് ക്വാറന്റൈനിൽ വയ്ക്കുകയും ദിവസേന അവരെ ബന്ധപ്പെട്ട് ശാരീരിക അസ്വസ്ഥത വല്ലതുമുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്യുകയാണ് പ്രധാന ചുമതല.