farmers

കോട്ടയം: ലോക്ക് ഡൗണിന്റെ മറവിൽ നെൽ കർഷകരെ ചൂഷണം ചെയ്യാൻ മില്ലുകാർ പാടശേഖരങ്ങളിൽ റോന്തു ചുറ്റുന്നു. വേനൽ മഴയിൽ കഷ്ടപ്പെട്ട് കൊയ്തെടുത്ത നെല്ല് കൂടുതൽ കിഴിവ് (താര) ആവശ്യപ്പെട്ടാണ് മില്ലുടമകൾ കർഷകരുടെ മേൽ സമ്മർദ്ദം ചുമത്തുന്നത്. ഇതോടെ ടൺ കണക്കിന് നെല്ല് ജില്ലയുടെ ഒട്ടുമിക്ക പാടശേഖരങ്ങളിലും കൂട്ടിയിട്ടിരിക്കയാണ്.

കടുത്തുരുത്തി ഭാഗത്ത് കൊയ്തുകൂട്ടിയ നെല്ലിന് ടണ്ണിന് എട്ടുകിലോയുടെ കിഴിവാണ് ആവശ്യപ്പെടുന്നത്. പ്രതീക്ഷിച്ച വിളവ് ലഭിക്കാതെ മനസ് തളർന്നിരിക്കുമ്പോഴാണ് മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെട്ട് രംഗത്ത് എത്തിയിട്ടുള്ളത്. ഇത്രയും കിഴിവ് നല്കാൻ സാധിക്കില്ലെന്നാണ് കർഷകർ പറയുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കൃഷി ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകുമെന്ന് കർഷകർ പറയുന്നു.

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൊയ്‌ത്ത് യന്ത്രങ്ങൾ പാടത്ത് ഇറക്കിയത് ഏറെ കഷ്ടപ്പെട്ടാണ്. ആവശ്യത്തിന് കൊയ്‌ത്ത് യന്ത്രങ്ങൾ ഇക്കുറി തമിഴ്നാട്ടിൽ നിന്നും എത്തിയിട്ടുമില്ല. തന്നെയുമല്ല, കൂടുതൽ വാടക കൊയ്‌ത്ത് യന്ത്രങ്ങൾക്ക് നൽകിയാണ് നെല്ല് കൊയ്തെടുത്തത്. നഷ്ടത്തിലാണ് ഇപ്രാവശ്യത്തെ വിളവെടുപ്പ് നടന്നത്. ഇനിയും സപ്ലൈകോയുടെ സഹായം ലഭിച്ചാൽ മാത്രമേ നെല്ല് പാടശേഖരത്തിൽ നിന്നും കരയ്ക്ക് കയറുകയുള്ളുവെന്ന് കർഷകർ പറയുന്നു. സപ്ലൈകോ ചുമതലപ്പെടുത്തിയിട്ടുള്ള മില്ലുകാരെ പ്രതീക്ഷിച്ചിരിക്കുകയാണ് കർഷകർ.