tulip

ആംസ്റ്റർഡാം: കൊവിഡ് ലോക്ക് ഡൗൺ ലോകത്തുള്ള എല്ലാ മനുഷ്യരെയും വീടിന്റെ ചുവരുകൾക്കുള്ളിലൊതുക്കിയിരിക്കുകയാണ്. കൊവിഡ് എന്ന മഹാമാരി വന്നില്ലായിരുന്നെങ്കിൽ ഇപ്പോൾ എല്ലാ വർഷത്തെയും പോലെ ലോകത്തെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിലൊന്നായ നെതർലൻഡ്സിലെ ക്യൂകെൻഹോഫ് ഗാർഡനിൽ വിരിഞ്ഞു നില്ക്കുന്ന ലക്ഷക്കണക്കിന് ടുലിപ് പൂക്കൾ കാണാൻ സഞ്ചാരികൾ ഒഴുകി എത്തേണ്ട സമയമായിരുന്നു.

യൂറോപ്പിന്റെ പൂന്തോട്ടമെന്നാണ് സൗത്ത് ഹോളണ്ട് പ്രവിശ്യയിലെ ലെസ്സിൽ സ്ഥിതി ചെയ്യുന്ന ക്യൂകെൻഹോഫ് അറിയപ്പെടുന്നത്. കൊവിഡ് കാരണം ഇത്തവണ ഇവിടേക്ക് ആരുമെത്തുന്നില്ല. എന്നാൽ കൊവിഡിന് ക്യൂകെൻഹോഫിലെ ടുലിപ് വസന്തം ഇല്ലാതാക്കാനാകില്ല. മനോഹരമായ ഈ ടുലിപ് പൂക്കൾ കാണാനാകുന്നില്ല എന്ന വിഷമം ഇത്തവണ ആർക്കും വേണ്ട. വൈറസിന്റെ പശ്ചാത്തലത്തിൽ എല്ലാവർക്കും വീട്ടിലിരുന്ന് തന്നെ ക്യൂകെൻഹോഫിലെ ടുലിപ് പൂക്കൾ വെർച്വലായി കാണാൻ അവസരമൊരുക്കുകയാണ് അധികൃതർ. ക്യൂകെൻഹോഫിന്റ വെബ്സൈറ്റിലും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും വീഡിയോകൾ കാണാം.

നെതർലൻഡ്സിൽ പൂർണ ലോക്ക് ഡൗണിലാണെങ്കിലും ഇതിനെ പരിചരിക്കാനായി ഏകദേശം 50 ഓളം ജീവനക്കാർ ഉണ്ട്. 1950ൽ തുറന്ന നാൾ മുതൽ ഇതാദ്യമായാണ് ക്യൂകെൻഹോഫിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തുന്നത്. ഇപ്പോൾ വിവിധ നിറത്തിലെ 70 ലക്ഷം ടുലിപ് പൂക്കളാണ് ക്യൂകെൻഹോഫിൽ ഉള്ളത്. 79 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ക്യൂകെൻഹോഫിൽ മാർച്ച് മുതൽ മേയ് വരെയാണ് ടുലിപ് പൂക്കുന്ന സീസൺ.

ടുലിപിന് പുറമേ ഡാഫോഡിൽ, ഓർക്കിഡ്, റോസ, കാർനേഷൻ, ഐറിഷ് ലില്ലി, ഹൈസിന്ത് തുടങ്ങിയ ഇനങ്ങളും ഇവിടെ കാണാം. കഴിഞ്ഞ വർഷം ഇതേസമയം 100 ലേറെ രാജ്യങ്ങളിൽ നിന്നായി 20 ലക്ഷത്തോളം പേരാണ് ക്യൂകെൻഹോഫിൽ എത്തിയത്. കൊവിഡിനെ തുടർന്ന് നെതർലൻഡ്സിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ മാർച്ച് 14നാണ് ക്യൂകെൻഹോഫ് അടച്ചത്. ജൂൺ ഒന്ന് വരെ രാജ്യത്തെ പൊതുപരിപാടികളെല്ലാം നിറുത്തി വച്ചിരിക്കുകയാണ്.

ക്യൂകെൻഹോഫിനെ കൂടാതെ ലോകത്തിന്റെ പലഭാഗങ്ങളിലുള്ള ടുലിപ് തോട്ടങ്ങളും ഇത്തവണ സന്ദർശകർക്ക് ഇന്റർനെറ്റിലൂടെ വെർച്വലായി കാണാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിലെ ആരൺഡെയ്ൽ കാസിലിലെ ടുലിപ് ഫെസ്റ്റിവലാണ് ഇതിൽ പ്രധാനപ്പെട്ട ഒന്ന്. ഏകദേശം 130,000 ടുലിപ് പൂക്കളും 180 വ്യത്യസ്തയിനം പൂക്കളും ആരൺഡെയ്ൽ കാസിലിൽ പൂത്തുനില്ക്കുകയാണ്.

വിജനമായി കാശ്മീരിലെ ടുലിപ് താഴ്‌വര

ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് തോട്ടമാണ് ശ്രീനഗറിലെ ഇന്ദിര ഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ. പൂക്കളെല്ലാം കൃത്യമായി പൂത്തെങ്കിലും കൊവിഡ് കാരണം സന്ദർശകരാരും ഇവിടെയില്ല. സബർവൻ പർവതനിരകളുടെ താഴ്വരയിൽ ദാൽ തടാകത്തിന്റെ കരയിൽ 80 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന തോട്ടത്തിൽ ഈ വർഷം വിവിധ ഇനത്തിൽപ്പെട്ട 1.3 ദശലക്ഷം ടുലിപ് പുഷ്പങ്ങളാണുള്ളത്. മാർച്ച് മാസം അവസാനത്തോടെ തുറക്കുന്ന ഇവിടെ നിന്നുമാണ് ആയിരക്കണക്കിന് സഞ്ചാരികൾ തങ്ങളുടെ കാശ്മീർ യാത്ര ആരംഭിക്കുന്നത്. ഇതാദ്യമായാണ് ഇവിടെ സന്ദർശകരില്ലാതെ മൂകമായി കിടക്കുന്നത്. ടുലിപിന് പുറമേ റോസയും ഡാഫോഡില്ലുമുൾപ്പെടെ നിരവധി ഇനങ്ങൾ ഇവിടെ കാണാൻ സാധിക്കും. 2007ൽ തുറന്ന ഈ പാർക്ക് ഞൊടിയിടയിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലുതായി മാറുകയായിരുന്നു. 2017ൽ കാനഡയിൽ സംഘടിപ്പിച്ച വേൾഡ് ടുലിപ് സമ്മിറ്റ് തിരഞ്ഞെടുത്ത ലോകത്തെ ഏറ്റവും വലിയ ടുലിപ് തോട്ടങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനമായിരുന്നു ഇന്ദിര ഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡന്.