blaze

ആംസ്റ്റർഡാം: നെതർലൻഡ്സിലെ നോർത്ത് ബ്രാബൻഡ് പ്രവിശ്യയിലെ ലിയറോപ് ഗ്രാമത്തിലെ ഫാമിലുണ്ടായ തീപിടിത്തത്തിൽ ആയിരത്തോളം പന്നികൾ ചത്തു. രാജ്യത്തെ പന്നിവളർത്തൽ വ്യവസായത്തിന്റെ കേന്ദ്രമാണ് ഇവിടം. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെ ഫാമിന്റെ ഒരു ഭാഗത്തുണ്ടായ തീ തൊട്ടടുത്തുള്ള രണ്ടാമത്തെ കെട്ടിടത്തിലേക്കും പടർന്നുപിടിക്കുകയായിരുന്നു. നെതർലൻഡ്സിൽ മുമ്പും ഫാമുകളിലുണ്ടായ തീപിടിത്തത്തിൽ വളർത്തുമൃഗങ്ങൾ ചത്തിരുന്നു. ഫാമുകളിൽ ഉണ്ടാകുന്ന ഈ തീപിടിത്തത്തെ പറ്റി അന്വേഷണം ആരംഭിക്കുമെന്ന് കഴിഞ്ഞ ഒക്ടോബറിൽ ഡച്ച് സേഫ്റ്റി ബോർഡ് അറിയിച്ചിരുന്നു.

നിക്ഷേപചെലവ് കാരണം ഫാമുടമകൾ അഗ്നിബാധ ചെറുക്കാനുള്ള കൂടുതൽ മുൻകരുതലുകളിൽ നിന്നും പിൻമാറുന്നതായും ഫാമുകളിൽ അത്യാവശ്യമായ മിന്നൽ ചാലകങ്ങളോ മറ്റ് സുരക്ഷാ ഉപകരണങ്ങളോ ഇല്ലെന്നുമാണ് വിമർശനം. 1,76,000 മൃഗങ്ങൾ കഴി‌ഞ്ഞ വർഷം മാത്രം ഫാമുകളിലുണ്ടായ അഗ്നിബാധയിൽ ചത്തുവെന്നാണ് മൃഗസംരക്ഷകർ നിരത്തുന്ന കണക്ക്.