raju-

കൊല്ലം: ലോക്ക് ഡൗണിൽ ബുദ്ധിമുട്ടനുഭവിക്കുന്ന വളർത്ത് മൃഗങ്ങൾക്ക് ഭക്ഷണം എത്തിക്കാൻ സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അഞ്ചുകോടി രൂപ അനുവദിച്ചതായി മന്ത്രി കെ.രാജു അറിയിച്ചു. കേരളത്തിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആനകൾ ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് ഭക്ഷണം എത്തിക്കാനാണ് സർക്കാർ തിരുമാനം. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സഹായം നൽകും. ഇതിനായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വിവര ശേഖരണം നടത്തും.

നാട്ടാനകളുടെ വിവര ശേഖരണം നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് നിർദ്ദേശം നൽകി. വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതെന്നും ഇതിനായി സർക്കാർ എല്ലാവിധ സഹായങ്ങളും നൽകുമെന്നും മന്ത്രി അറിയിച്ചു. ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ക്ഷീര കർഷകർക്ക് ആശ്വാസമായി ക്ഷീര കർഷക ക്ഷേമ നിധിബോർഡും മിൽമയുടെ വിവിധ മേഖലാ യൂണിറ്റുകളും വിവിധ സഹായ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.