kasargod

ചെറുവത്തൂർ: ദേശീയപാതയിലെ സ്ഥിരം അപകട മേഖലയായ ചെറുവത്തൂർ ഞാണങ്കൈ ഇറക്കത്തിലെ വളവിൽ ടാങ്കർ ലോറി മറിഞ്ഞു. ഇന്ന് രാവിലെ മംഗളൂരുവിൽ നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് രാവിലെ 11.30 ഓടെ അപകടത്തിൽ പെട്ടത്. ചെറുവത്തൂർ നഗരത്തിൽ നിന്നും കാണാവുന്ന സ്ഥലത്താണ് അപകടം.

ദേശീയപാതയിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുമ്പോൾ ചീമേനിയിലേക്ക് പോകുന്ന റോഡ് മാത്രമേ ആദ്യം ഡ്രൈവറുടെ ശ്രദ്ധയിൽ പെടൂ. അടുത്ത് എത്തുമ്പോഴാണ് ദേശീയ പാതയിൽ അപകടകരമായ വളവുള്ളത് ശ്രദ്ധയിൽ പെടുക. കയറ്റം കൂടിയാകുന്നതോടെയാണ് വാഹനം നിയന്ത്രണം വിട്ട് അപകടത്തിൽ പെടുന്നത്.

അതേസമയം ഇന്ന് മറിഞ്ഞ ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ച സംഭവിക്കാത്തത് അപകടം ഒഴിവായെന്ന് പൊലീസ് പറഞ്ഞു. ലോറിയുടെ യന്ത്ര ഭാഗങ്ങളിൽ നിന്നും ഓയിൽ ചോർന്ന് റോഡിൽ വ്യാപിച്ചിട്ടുണ്ട്. തൃക്കരിപ്പൂർ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡ് കഴുകി ഗതഗത യോഗ്യമാക്കി.

ലോക്ക്ഡൗൺ ആയതിനാൽ നിരത്ത് കാലിയായതാണ് ദുരന്തം ഒഴിവാകാൻ മറ്റൊരു കാരണം. അപകട സ്ഥലത്തോട് ചേർന്ന് ആശുപത്രിയും ഹോട്ടൽ സമുച്ഛയവുമടക്കം നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ മുനിസിപ്പാലിറ്റികൾ കഴിഞ്ഞാൽ പ്രധാന നഗരങ്ങളിലൊന്നാണ് ചെറുവത്തൂർ. മുൻപ് കണ്ണൂർ ചാലയിൽ ടാങ്കർ ലോറി അപകടത്തിൽ നിരവധി പേർ മരിക്കുകയും വ്യാപാര സ്ഥാപനങ്ങൾ കത്തി നശിക്കുകയും ചെയ്തിരുന്നു. ഇത്തരം ദുരന്തം തങ്ങളും നേരിടേണ്ടി വരുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. ദേശീയ പാതയിൽ ഞാണങ്കൈ വളവ് ഒഴിവാക്കി താഴെ മറ്രൊരു പാത ഒരുക്കിയാലേ പ്രശ്നത്തിന് പരിഹാരമാകൂ എന്നാണ് ഉയർന്നുവരുന്ന നിർദ്ദേശം. അപകടം കാരണം ദേശീയ പാതയിൽ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.