വാഷിംഗ്ടൺ: ഇരുന്നൂറ്റിയഞ്ച് ദിവസത്തെ ബഹിരാകാശ ഗവേഷണത്തിനുശേഷം മൂന്ന് അമേരിക്കൻ ശാസ്ത്രജ്ഞർ ഭൂമിയിൽ തിരിച്ചെത്തി. കസാഖിസ്ഥാനിലെ ദേസ്‌കാസ്ഗാൻ പ്രദേശത്താണ് ബഹിരാകാശ വാഹനം ഇറങ്ങിയത്. മാസ്‌ക്കും ഗ്ലൗസുകളും ധരിച്ച് ഇവരെ സ്വീകരിക്കാനെത്തിയത് സഞ്ചാരികളിൽ അത്ഭുതമുളവാക്കി.ഞങ്ങൾ പോയപ്പോഴുള്ള അവസ്ഥയല്ലല്ലോ ഇപ്പോൾ എന്ന് ആവർ ആശ്ചര്യപ്പെട്ടു.
ബഹിരാകാശ സഞ്ചാരികളിൽ ഡ്രൂ മോർഗൻ 272 ദിവസവും ജെസീക്കയും ഒലേഗ് റിപ്പോച്ച്ക്കയും 205 ദിവസങ്ങളുമാണ് ബഹിരാകാശ നിലയത്തിൽ ഗവേഷണം നടത്തിയത്. മോർഗനും ജെസീക്കയും നാസയുടെ സഞ്ചാരികളും റിപ്പോച്ച്ക്ക റഷ്യയുടെ സഞ്ചാരിയുമാണ്. അപ്പോളോ 13 ബഹിരാകാശത്ത് എത്തിയതിന്റെ 50ാം വാർഷികത്തിലാണ് തങ്ങൾ തിരികെ ഭൂമിയിൽ എത്തിയതെന്നത് അവർ ഏറെ സന്തോഷത്തോടെ പറഞ്ഞു.
കൊവിഡ് ബാധയെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നെങ്കിലും ഇത്രകണ്ട് വ്യാപകവും ഭയാനകവുമാണെന്ന് ഇവിടെ വന്നപ്പോഴാണ് അറിയുന്നത്. ബഹിരാകാശ കേന്ദ്രത്തിലെ ഗവേഷണവുമായി ബന്ധപ്പെട്ട് ജൈവശാസ്ത്രം, ഭൂഗോള ശാസ്ത്രം, മനുഷ്യ സംബന്ധമായ പരീക്ഷണങ്ങൾ, ഭൗതിക ശാസ്ത്രം മറ്റ് സാങ്കേതിക വിവരങ്ങൾ എന്നിവയിലെല്ലാം ഗവേഷണം പൂർത്തിയാക്കിയാണ് മൂവരും എത്തിയിരിക്കുന്നതെന്ന് നാസ അറിയിച്ചു.