കൊല്ലം: അഞ്ചൽ ഗ്രാമപഞ്ചായത്തിലെ കുരുവിക്കോണം ആയുഷ് പ്രാഥമികാരോഗ്യകേന്ദ്രത്തിലെത്തിയ പഞ്ചായത്ത് വാർഡ് അംഗം അതിക്രമം കാട്ടുകയും വനിതാ ഡോക്ടർക്കെതിരെ വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. കുരുവിക്കോണം വാർഡ് അംഗം അജികുമാറാണ് അതിക്രമം കാട്ടിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ മെഡിക്കൽ ഓഫീസറും, ആയുഷ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവും, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ വനിതാ കമ്മിറ്റി അംഗവും , കൊല്ലം ജില്ലാ കമ്മിറ്റി കൺവീനറുമായ ഡോ. ബി. ഷെറീസിയെയാണ് ഭീഷണിപ്പെടുത്തിയത്.
അഞ്ചൽ പഞ്ചായത്ത് കമ്മിറ്റി, ജില്ലാ മെഡിക്കൽ ഓഫീസർ, കൊട്ടാരക്കര റൂറൽ എസ്.പി, അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ എന്നിവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകി. എല്ലാ സർക്കാർ ആയുർവേദ ആയുഷ് പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും കൊവിഡുമായി ബന്ധപ്പെട്ട് ആയുർ രക്ഷാ ക്ലിനിക് അടിയന്തരമായി ആരംഭിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ അറിയിപ്പുണ്ടായിരുന്നു. ഇക്കാര്യം പഞ്ചായത്ത് പ്രസിഡന്റിനെ മെഡിക്കൽ ഓഫീസർ അറിയിച്ചിരുന്നെങ്കിലും ഉദ്ഘാടനത്തിനെത്താൻ കഴിയില്ലെന്നറിയിച്ചു. വാർഡ് മെമ്പറെ ക്ഷണിച്ചപ്പോൾ അസൗകര്യമുണ്ടെന്നും രണ്ട് ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും പറഞ്ഞു. എന്നാൽ അടിയന്തര പ്രാധാന്യമുള്ളതിനാൽ പ്രസിഡന്റിന്റെ നിർദ്ദേശപ്രകാരം അഞ്ചൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ബിന്ദുമുരളി മരുന്ന് വിതരണം ഉദ്ഘാടനം ചെയ്തു. ഇതിൽ ക്ഷുഭിതനായാണ് വാർഡംഗം രാവിലെ ഹെൽത്ത് സെന്ററിലെത്തിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തതിനെ ചോദ്യം ചെയ്യുകയും ഡോക്ടറെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയുമായിരുന്നുവത്രെ.