കൊല്ലം: കൊവിഡ് ആശങ്കകൾ അകന്ന് പ്രതീക്ഷയുടെ നാളുകളിലേക്കാണ് കൊല്ലം നീങ്ങുന്നത്. കഴിഞ്ഞ എട്ട് ദിവസമായി ജില്ലയിൽ പുതിയ കൊവിഡ് പോസിറ്റീവ് കേസുകൾ ഉണ്ടായിട്ടില്ല. ഇനി ഗൃഹനിരീക്ഷണത്തിൽ 3,640 പേർ മാത്രം. ഇന്നലെ നാലുപേർ മാത്രമാണ് പുതുതായി ആശുപത്രി നിരീക്ഷണത്തിൽ എത്തിയത്. 362 പേർ കൂടി ഗൃഹനിരീക്ഷണം വിജയകരമായി പൂർത്തിയാക്കി. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന തൃക്കോവിൽവട്ടം സ്വദേശി ഉൾപ്പെടെ നാലുപേർ വീട്ടിലേക്ക് മടങ്ങി. നിലവിൽ പോസിറ്റീവായ അഞ്ചുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. തുടർന്നുള്ള ആവർത്തന സാമ്പിൾ പരിശോധനകളിൽ ഫലം നെഗറ്റീവാകുന്നതോടെ എല്ലാവർക്കും ഉടൻ ആശുപത്രി വിടാൻ കഴിയുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീലത അറിയിച്ചു.