കൊല്ലം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൊല്ലത്ത് കുടുങ്ങിയ വടക്കൻ ജില്ലകളിലുള്ള കെ.എസ്.ഇ.ബി ജീവനക്കാരെ നാട്ടിലെത്തിക്കാൻ കെ.എസ്.ആർ.ടി.സി മൂന്ന് സൂപ്പർ ഫാസ്റ്റ് സർവീസുകൾ നടത്തി. രണ്ട് ബസുകൾ കാസർകോടേക്കും ഒരെണ്ണം കണ്ണൂരേക്കുമായിരുന്നു. എല്ലാ ബസുകളിലും 31 വീതം യാത്രക്കാരാണ് ഉണ്ടായിരുന്നത്.
രണ്ടുപേർക്ക് ഇരിക്കാവുന്ന സീറ്റുകളിൽ ഒരാളെയും മൂന്ന് പേർക്ക് ഇരിക്കാവുന്നിടത്ത് രണ്ട് പേരെയും ഇരുത്തിയായിരുന്നു യാത്ര. കൊല്ലം പവർഹൗസിന് മുന്നിൽ നിന്നാണ് യാത്ര പുറപ്പെട്ടത്. യാത്രയ്ക്കിടയിൽ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.