sivasankar

തിരുവനന്തപുരം: സ്‌പ്രിംഗ്ളറുമായി ബന്ധപ്പെട്ട പർച്ചേഴ്സ് ഓർഡറിൽ ഒപ്പിട്ടത് താനാണെന്നും കരാറിന്റെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും വ്യക്തമാക്കി ഐ.ടി സെക്രട്ടറി എം.ശിവശങ്കർ. സ്‌പ്രിംഗ്ലറിന് കരാര്‍ നൽകുമ്പോൾ നിയമോപദേശം തേടിയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം റിസ്കിലാണ് കരാറുമായി മുന്നോട്ട് പോയത്. ഇതിനുള്ള വിവേചന അധികാരം ഉണ്ടെന്നും ഐ.ടി സെക്രട്ടറി പറഞ്ഞു. സേവനം പൂര്‍ണ്ണമായും സൗജന്യം ആണെന്നും ഡാറ്റായുടെ സ്വകാര്യത സംബന്ധിച്ച് ഒരു സംശയവും ഇല്ലായിരുന്നു എന്നുമാണ് ഐ.ടി സെക്രട്ടറിയുടെ നിലപാട്.

രണ്ട് പ്രളയം വന്നപ്പോഴും ഡാറ്റാ മേനേജ്മെന്റിൽ വലിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അത് പരിഹരിക്കാൻ കൂട്ടായ്മകളുടെ സഹായത്തോടെ ശ്രമം നടത്തിയിരുന്നു. സ്പ്രിംഗ്ലറിന് ഡാറ്റാ മാനേജ്മെന്റിലുള്ള കഴിവിൽ സര്‍ക്കാരിന് സംശയമില്ലെന്നും എം ശിവശങ്കര്‍ പറഞ്ഞു. ഡാറ്റ കൈകാര്യം ചെയ്യുന്ന അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന്‍റെ കരാര്‍ വ്യവസ്ഥകളെല്ലാം മുൻ നിശ്ചയപ്രകാരം ഉള്ളതാണ്. അത് സേവനം വാങ്ങുന്ന കക്ഷിക്ക് മാറ്റാൻ കഴിയില്ലെന്നും എം.ശിവശങ്കര്‍ പറഞ്ഞു.