തിരുവനന്തപുരം: സ്‌പ്രംഗ്ളറുമായി ബന്ധപ്പെട്ട പർച്ചേഴ്സ് ഓർഡറിൽ ഒപ്പിട്ടത് താനാണെന്നും കരാറിലെ പൂർണ ഉത്തരവാദിത്വം തനിക്കാണെന്നും വ്യക്തമാക്കി ഐ.ടി സെക്രട്ടറി എം.ശിവശങ്കർ. സ്പ്രിംഗ്ലറിന് കരാര്‍ നൽകുമ്പോൾ നിയമോപദേശം തേടിയിരുന്നില്ലെന്നും ഐ.ടി സെക്രട്ടറി വ്യക്തമാക്കി .സ്വന്തം റിസ്കിലാണ് കരാറുമായി മുന്നോട്ട് പോയത്. ഇതിനുള്ള വിവേചന അധികാരം ഉണ്ടെന്നും ഐ.ടി സെക്രട്ടറി പറഞ്ഞു.
ഡാറ്റ കൈകാര്യം ചെയ്യുന്ന അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ളറിന്‍റെ കരാര്‍ വ്യവസ്ഥകളെല്ലാം മുൻ നിശ്ചയപ്രകാരം ഉള്ളതാണ്,. അത് സേവനം വാങ്ങുന്ന കക്ഷിക്ക് മാറ്റാൻ കഴിയില്ലെന്നും എം.ശിവശങ്കര്‍ പറയുന്നു. കൊവിഡ് വ്യാപനത്തിന്‍റെ തുടക്കത്തിൽ വിവരങ്ങൾ ക്രോഡീകരിക്കാനുള്ള പ്രയാസമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് സ്പ്രിംഗ്ളര്‍ കമ്പനിയുമായുള്ള കരാറിലേക്ക് കാര്യങ്ങളെത്തിയത്. കൊവിഡ് ഡാറ്റാ ക്രോഡീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഡാറ്റ കൈകാര്യം ചെയ്യാൻ ഐ.ടി വകുപ്പ് ശ്രമിച്ചു. എല്ലാ വഴിയും നോക്കിയ ശേഷമാണ് സ്പ്രിംഗ്ളര്‍ കരാറിലേക്ക് എത്തിയതെന്നാണ് ശിവശങ്കർ പറയുന്നത്.
ഡാറ്റ കൈകാര്യം ചെയ്യാൻ സര്‍ക്കാരിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. രണ്ട് പ്രളയം വന്നപ്പോഴേ ഡാറ്റാ മേനേജ്മെന്റിൽ വലിയ പ്രശ്നങ്ങൾ നേരിട്ടിരുന്നു. അത് പരിഹരിക്കാൻ കൂട്ടായ്മകളുടെ സഹായത്തോടെ ശ്രമം നടത്തിയിരുന്നു. സ്പ്രിംഗ്ളറിന് ഡാറ്റാ മാനേജ്മെന്റിലുള്ള കഴിവിൽ സര്‍ക്കാരിന് സംശയമില്ലെന്നും എം ശിവശങ്കര്‍ പറഞ്ഞു. കമ്പനിയുടെ സേവനം പൂര്‍ണ്ണമായും സൗജന്യം ആണെന്നും ഡാറ്റായുടെ സ്വകാര്യത സംബന്ധിച്ച് ഒരു സംശയവും ഇല്ലായിരുന്നു എന്നുമാണ് ഐ.ടി സെക്രട്ടറിയുടെ വിശദീകരണം.
സെപ്റ്റംപറിന് ശേഷവും പണം സപ്ളിംഗറിന് പണം നൽകില്ലെന്ന് പറഞ്ഞ അദ്ദേഹം ഇടപാടുകള്‍ സര്‍ക്കാര്‍ തീരുമാനിക്കുമെന്നും പറഞ്ഞു. സ്പ്രിംഗളറുമായുള്ള പ്രാഥമിക ഇടപാടുകള്‍ സെക്രട്ടറി തലത്തില്‍ മാത്രമാണ്. നോണ്‍ ഡിസ്ക്ലോഷര്‍ എഗ്രിമെന്റില്‍ ഒപ്പിട്ടത് താന്‍ തന്നെയാണ്. അതിനാലാണ് ഇടപാടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. വീഴ്ചയുണ്ടെങ്കില്‍ മുഖ്യമന്ത്രി പരിശോധിക്കട്ടെയെന്നും ഐ.ടി സെക്രട്ടറി പറഞ്ഞു.
വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് ഐ.ടി സെക്രട്ടറി ഇത് സംബന്ധിച്ച് വിശദീകരണവുമായി നേരിട്ടെത്തുന്നത്. വിദേശ കമ്പനിക്ക് ആരോഗ്യ സംബന്ധമായ നിര്‍ണായക വിവരങ്ങൾ വാങ്ങുന്നത് വൻ ക്രമക്കേടാണെന്ന പ്രതിപക്ഷ ആരോപണം ശക്തമായതോടെ ഐടി സെക്രട്ടറിയുമായി സംസാരിക്കാനായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. അന്ന് ഐ.ടി സെക്രട്ടറി വിശദീകരണ കുറിപ്പ് പുറത്തിറക്കുകയിരുന്നു.എന്നിട്ടും വിവാദങ്ങൾ അവസാനിക്കാതെ ആയപ്പോഴാണ് അദ്ദേഹം ഇന്ന് നേരിട്ട് മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയത്.