photo
പാമ്പ് മുരുകൻ

കൊല്ലം: എഴുകോൺ ചീരങ്കാവിൽ ആൾപ്പാർപ്പില്ലാത്ത വീടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ പാമ്പ് മുരുകൻ അപകട നില തരണം ചെയ്‌തു. വിഷു ദിനത്തിൽ രാത്രി പത്തരയോടെയാണ് എഴുകോൺ കൊച്ചാഞ്ഞിലിമൂട് കുഴുവിള വീട്ടിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ പാമ്പിനെ പിടികൂടാൻ മുരുകനെത്തിയത്. ആളൊഴിഞ്ഞ വീട്ടിലേക്ക് പാമ്പ് കടന്നുപോകുന്നത് വഴിയാത്രക്കാർ കാണുകയും വീട്ടുകാരെ അറിയിക്കുകയുമായിരുന്നു. വീട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ചാണ് കൊല്ലം റെയിൽവേ ക്വാർട്ടേഴ്സിൽ താമസിക്കുന്ന മുരുകൻ (45) എത്തിയത്.

മുറിയിലെ തൂണിന്റെ മറവിൽ കുഴിയിൽ കിടന്ന പാമ്പിനെ പിടി കൂടുമ്പോഴാണ് കടിയേറ്റത്. ഉടൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിയപ്പോഴേക്കും കാഴ്ച മങ്ങി ഗുരുതര നിലയിലായിരുന്നു. വെന്റിലേറ്റർ സഹായത്തോടെയാണ് മുരുകന്റെ ജീവൻ നിലനിറുത്തിയത്. ഭാര്യയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ആശുപത്രിയിലുണ്ടായിരുന്നത്. ഭീമമായ ആശുപത്രി ബില്ലടയ്ക്കാൻ സ്വന്തമായി പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് മുരുകൻ. 94,000 രൂപയോളം ആശുപത്രിയിൽ അടയ്ക്കണം. പാമ്പിനെ പിടിക്കാൻ സമീപ പ്രദേശങ്ങളിലെ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ആശ്രയിച്ചിരുന്നത് മുരുകനെയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ അഞ്ചിലേറെ തവണ മുരുകന് പാമ്പുകളുടെ കടിയേറ്റിരുന്നു. അപ്പോഴെല്ലാം സ്വന്തം പണം മുടക്കിയാണ് ചികിത്സ നടത്തിയത്.