ബൊഗോറ്റ : കൊവിഡിന്റെ പശ്ചാത്തലത്തിൽ റെസ്റ്റോറന്റുകളെല്ലാം ഇപ്പോൾ ഹോം ഡെലിവറി സംവിധാനത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഹോട്ടലുകളിൽ നിന്നും ഭക്ഷണം സുരക്ഷിതമായി വീട്ടിലെത്തിക്കാൻ ഒരുഗ്രൻ ഐഡിയയുമായി എത്തിയിരിക്കുകയാണ് കൊളംബിയൻ സ്റ്റാർട്ടപ്പ് കമ്പനിയായ റാപ്പി. റോബോട്ടുകളെയാണ് ആഹാരം വിതരണം ചെയ്യുന്നതിനായി ഇവർ നിരത്തിലിറക്കിയിരിക്കുന്നത്.
കൊളംബിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന റാപ്പി ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ ഏറെ സ്വീകാര്യതയുള്ള ഡെലിവറി കമ്പനിയാണ്. കൊളംബിയയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മെഡെലിനിൽ ഈ ആഴ്ച റോബോട്ടുകളുടെ സേവനം ആരംഭിച്ചിട്ടുണ്ട്. ബോക്സ് ആകൃതിയിലുള്ള ഈ റോബോട്ടുകൾക്ക് നാലു വീലുകളുണ്ട്. മുകളിൽ ആന്റിനയിൽ ഓറഞ്ച് നിറത്തിലെ ഒരു ചെറിയ കൊടിയും കാണാം. തിരഞ്ഞെടുത്ത പ്രദേശത്തിനുള്ളിൽ 35 ചതുരശ്ര സെന്റീമീറ്റർ ചുറ്റളവിലാണ് റോബോട്ടുകൾ ഭക്ഷണ വിതരണം നടത്തുന്നത്.
റസ്റ്റോറന്റുകളിൽ നിന്നും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്ത് പണമടയ്ക്കണം. എല്ലാ റോബോട്ടുകളെയും ഓരോ വീടുകളിലും ഭക്ഷണ വിതരണത്തിന് ശേഷം അണുവിമുക്തമാക്കും. കിവിബോട്ട് എന്ന അമേരിക്കൻ കമ്പനിയ്ക്കും ഈ റോബോട്ടുകളെ കൈകാര്യം ചെയ്യുന്നതിന്റെ ചുമതലയുണ്ട്. തിരഞ്ഞെടുത്ത ഒരു പ്രദേശത്ത് 15 റോബോട്ടുകൾ ചേർന്ന് 150 ഡെലിവറികളാണ് ഒരു ദിവസം നടത്തുന്നത്. ജൂലായ് വരെ റോബോട്ടുകളെ വച്ചുള്ള ഭക്ഷണ വിതരണം തുടരാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.