
ബീഹാർ: സ്വന്തം വീട്ടിൽ പോയ ഭാര്യ ലോക്ക്ഡൗൺ കാലത്ത് തിരിച്ചുവരാത്തതിൽ അരിശംപൂണ്ട ഭർത്താവ് കാമുകിയെ വിവാഹം കഴിച്ച് പ്രതികാരം തീർത്തു. അങ്ങനെ കാമുകിയുമായി സുഖിച്ചുകഴിയുന്ന വിവരമറിഞ്ഞ ഭാര്യ നേരെ പൊലീസ് സ്റ്റേഷനിലേക്ക് ഓടി. പൊലീസ് കയ്യോടെ എത്തി ഭർത്താവിനെ പൊക്കി. ബിഹാറിലാണ് സംഭവം. ധീരജ് കുമാർ എന്നയാളാണ് കഥയിലെ നായകൻ.
ഇദ്ദേഹത്തിന്റെ ഭാര്യ ഡൽഹി ബസാറിലുള്ള തന്റെ മാതാപിതാക്കളുടെ അടുത്ത് പോയി. അപ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. ഭർത്താവിന്റെ അടുത്ത് തിരിച്ചെത്താൻ മാർഗമില്ലാതായി. എങ്ങനെയെങ്കിലും വീട്ടിൽ വരണമെന്ന് ധീരജ് നിർബന്ധം പിടിച്ചു. 'എങ്ങനെ വരും?' ലോക്ക് ഡൗൺ തീരുമ്പോൾ വരാമെന്ന് ഭാര്യ പറഞ്ഞു. അതുകേട്ട് ഭർത്താവ് അരിശം കടിച്ച് പിടിച്ച് കാത്തിരുന്നു. ലോക്ക് ഡൗൺ തീരാറായപ്പോഴാണ് പ്രധാനമന്ത്രി മേയ് 3 വരെ ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചത്. ഇത് കേട്ടതോടെ പിടിച്ചുവച്ചിരുന്ന അരിശം ധീരജ്കുമാറിൽ പെരുത്തുകയറി. ''ഇപ്പം എത്തണം ഇവിടെ.'' അയാൾ അന്ത്യശാസനം നൽകി. ഭാര്യ നിന്ന് കുഴഞ്ഞു. പോകാൻ ഒരു വണ്ടിയുമില്ല. പക്ഷേ, ഭർത്താവ് അതൊന്നും കേട്ടില്ല.
ഭാര്യയോടും അവളുടെ വീട്ടുകാരോടും തട്ടിക്കയറിയ ധീരജ് മുൻകാമുകിയെ വിവാഹം കഴിച്ച് വാശി തീർക്കുകയായിരുന്നു. അങ്ങനെ ലോക്ക് ഡൗൺ കാമുകിയെ സ്വന്തമാക്കാനുള്ള അവസരമായതിൽ മതിമറന്ന് സന്തോഷിച്ചിരിക്കുമ്പോഴാണ് പൊലീസിന്റെ വരവ്. വിശ്വാസ വഞ്ചനയ്ക്കും നിലവിൽ നിയമപരമായി ഭാര്യയുള്ളപ്പോൾ മറ്റൊരാളെ വിവാഹം കഴിച്ചതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു. നേരെ ജയിലിലേക്ക്. ലോക്ക് ഡൗൺ കാലത്ത് ഭാര്യയുമില്ല, കാമുകിയുമില്ലാത്ത അവസ്ഥയായി. ലോക്ക്ഡൗണിൽ സന്തോഷിച്ച ധീരജ് ഇപ്പോൾ പണി കിട്ടിയതിന്റെ സങ്കടത്തിലാണ്.