ep

തിരുവനന്തപുരം : വിവാദമായ സ്‌പ്രിംഗ്ളർ കരാറിൽ വിശദീകരണവുമായി വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ലോകത്ത് ഒരു കാര്യവും രഹസ്യമല്ല. വ്യക്തികളുടെ വിവരങ്ങൾ ചോരുന്നു എന്ന ആരോപണത്തിൽ ഒരു കാര്യവുമില്ല. എന്തുവിവരം വേണമെങ്കിലും പരസ്യമാക്കാം. മന്ത്രി സഭ ചർച്ച ചെയ്ത എല്ലാകാര്യങ്ങളും കൊട്ടിപ്പാടാനുള്ളതല്ല. പുറത്തുപറയേണ്ടത് പറയും.പ്രതിപക്ഷം എന്തോ നിധികിട്ടിയതുപോലെ വിവാദമാക്കുകയാണ്- അദ്ദേഹം പറഞ്ഞു. നേരത്തെ ധനമന്ത്രി തോമസ് ഐസകും സ്പ്രിംഗ്ളർ കമ്പനിയുമായുള്ള കരാർ സുതാര്യമാണെന്ന് പറഞ്ഞിരുന്നു.

അതേസമയം സ്‌പ്രിംഗ്ളർ കരാറിനും മുഖ്യമന്ത്രിക്കുമെതിരെ ഇന്നും പ്രതിപക്ഷം രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി രാജിവച്ച് സ്പ്രിംഗ്ളർ ഇടപാടിൽ സി.ബി.ഐ അന്വേഷണം നടത്തണം. നാട് കണ്ട് ഏറ്റവും വലിയ ഡാറ്റ അഴിമതിയിൽ സി.പി.എം ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയോട് സി.പി.എം രാജി ആവശ്യപ്പെടണമെന്നുമാണ് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി ആവശ്യപ്പെട്ടിരുന്നു.അല്പം കൂടി കടുപ്പിച്ചാണ് പി ടി തോമസ് എം.എൽ.എ.രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ മകൾ വീണ ഡയറക്ടറായ എക്‌സാ ലോജിക് എന്ന കമ്പനിയ്ക്ക് സ്‌പ്രിംഗ്ളർ ഇടപാടുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും എക്‌സാ ലോജിക്കിന്റെ അക്കൗണ്ട് മരവിപ്പിച്ച നിലയായതായത് സംശയമുയർത്തുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

സ്പ്രിംഗ്ളറിൽ ഒറ്റുകാരന്റെ റോളിലാണ് മുഖ്യമന്ത്രിയെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം.എൽ.എ പറഞ്ഞത്.വരും ദിവസങ്ങളിൽ വിവാദം കൂടുതൽ കടുപ്പിക്കാനാണ് പ്രതിപക്ഷം ലക്ഷ്യമിടുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.