മാഡ്രിഡ്: വടക്ക് പടിഞ്ഞാറൻ സ്പെയിനിലെ ഏറ്റവും വിദൂരമായ ഒരു ചെറുഗ്രാമമാണ് പിന്യോർ. പിന്യോറിന് ഒരു പ്രത്യേകതയുണ്ട്. ശവപ്പെട്ടികളുടെ പേരിലാണ് ഈ ഗ്രാമം അറിയപ്പെടുന്നത്. കൊവിഡ് ലോകത്തെ ഒന്നടങ്കം വിറപ്പിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള സ്പെയിനിൽ മരണ സംഖ്യ 20,000 കടന്നിരിക്കുകയാണ്. ഈ ഭീതിയുടെ നടുവിൽ നില്ക്കുകയാണെങ്കിലും പിന്യോർ ഗ്രാമത്തിലുള്ളവർ തിരക്കിലാണ്. കാരണം, സ്പെയിനിലെ മരണസംഖ്യയ്ക്കനുരിച്ച് ഗ്രാമത്തിലെ ഒമ്പത് ശവപ്പെട്ടി നിർമാണകേന്ദ്രത്തിലെ ജോലിയും ഇരട്ടിയ്ക്കുകയാണ്. ഇതോടെ പുതുതായി ആയിരത്തോളം പേരാണ് ഗ്രാമത്തിൽ ശവപ്പെട്ടി നിർമാണത്തിലേക്ക് കടന്നിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധി തുടങ്ങിയ നാൾ മുതൽ പിന്യോറിലെ ഈ നിർമാണ യൂണിറ്റുകൾ സാധാരണ നിർമിക്കുന്നതിൽ നിന്നും ഇരട്ടിയിലധികം ശവപ്പെട്ടികളാണ് നിർമിക്കുന്നത്. മാസം അഞ്ചൂറിലേറെ ശവപ്പെട്ടികളാണ് ഇപ്പോൾ നിർമിക്കുന്നത്. സാധാരണ ഇതിന്റെ പകുതിയോളം മാത്രമാണ് നിർമിച്ചിരുന്നത്. ഇവിടെ ജോലി ചെയ്യുന്നവരിൽ മിക്കവർക്കും ഈ തൊഴിൽ പാരമ്പര്യമായി ലഭിച്ചതാണ്. രാജ്യത്ത് ഇപ്പോൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തിരുന്ന ശവപ്പെട്ടികൾ ഇല്ലാതായതോടെ സ്പെയിനിന്റെ പല ഭാഗങ്ങളിൽ നിന്നും പിന്യോറിലേക്കാണ് ഓർഡർ നൽകുന്നത്. ഓർഡറുകൾ കുന്നുകൂടുന്നത് ഇവിടത്തെ തൊഴിലാളികൾക്കിടയിലും സമ്മർദ്ദമുണ്ടാക്കുന്നുണ്ട്.
നിർമാണം വേഗത്തിലാക്കാനായി സാധാരണ ശവപ്പെട്ടികളിൽ ചെയ്ത് വന്നിരുന്ന കൊത്തുപണികളും മാർബിളിന്റെയും ഗ്ലാസിന്റെയും അലങ്കാര വസ്തുക്കളും ഇപ്പോൾ ഒഴിവാക്കുകയാണ് ഇവിടത്തെ തൊഴിലാളികൾ. എന്നാൽ പെട്ടികളുടെ ഗുണമേന്മയ്ക്ക് ഒട്ടും കുറവ് വരാതെ നോക്കാനും ഇവർ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇതിനായി ഗ്രാമത്തിലെ തൊഴിലാളികൾ പതിവിലും കൂടുതൽ സമയം ജോലി ചെയ്യാൻ നിർബന്ധിതരാവുകയാണ്.
ഇത്രയും ചെറിയ ഒരു ഗ്രാമത്തിൽ എന്തുകൊണ്ട് ഇത്ര കൂടുതൽ ശവപ്പെട്ടി നിർമാണം നടക്കുന്നു എന്ന ചോദ്യത്തിനുത്തരം പൈൻ മരങ്ങളാണ്. പിന്യോർ ഗ്രാമം ഉൾപ്പെടെയുന്ന ഗലീഷ്യ മേഖല പൈൻ മരങ്ങളുടെ പറുദീസയാണ്. ശവപ്പെട്ടി നിർമാണത്തിനാവശ്യമായ അടിസ്ഥാന വസ്തുക്കളെല്ലാം ഗ്രാമത്തിൽ തന്നെ ലഭ്യവുമാണ്. കഴിഞ്ഞ ദശാബ്ദങ്ങളായി ഇവിടത്തെ ശവപ്പെട്ടികളുടെ നിർമാണത്തിലും ഡിസൈനിലുമെല്ലാം നിരവധി വ്യത്യാസങ്ങൾ വന്നിട്ടുള്ളതായി തൊഴിലാളികൾ പറയുന്നു. 25 വർഷങ്ങൾക്ക് മുമ്പ് ഇവിടെ നിർമിച്ചിരുന്ന എല്ലാ ശവപ്പെട്ടികളും ചതുരാകൃതിയിലുള്ളതും പൈൻ മരത്തടികൊണ്ട് നിർമിച്ചതുമായിരുന്നു. ഇപ്പോൾ ഐവറി കോസ്‌റ്റിൽ നിന്നും ഇറക്കുമതി ചെയ്ത് വാലെൻസിയയിലെത്തിച്ച് വാർത്തെടുക്കുന്ന പേപ്പർ ഫൈബർ കൊണ്ട് നിർമിതമായ ഫോർമാഷെയ് എന്ന പദാർത്ഥവും പെട്ടികളുടെ നിർമാണത്തിനുപയോഗിക്കുന്നുണ്ട്. പിന്യോർ ഗ്രാമത്തിലുള്ള ആർക്കും ഇതേവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ പ്രാദേശിക ഭരണകൂടം വൈറസിനെതിരെയുള്ള മുൻകരുതലുകളും നിയന്ത്രണങ്ങളും പാലിക്കാൻ ഗ്രാമീണർക്ക് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.