pic-

മുംബയ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി ശിവസേന മുഖപത്രമായ സാമ്‌ന. കൊവിഡ് വിഷയത്തില്‍ രാഹുല്‍ കൈക്കൊണ്ടത് നല്ല നിലപാടാണ്. ഒരു അപകടസന്ധിയില്‍ ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷ പാര്‍ട്ടി എങ്ങനെ പെരുമാറണമെന്ന് അദ്ദേഹം കാണിച്ചുതന്നുവെന്നും സാമ്‌നയിൽ പറയുന്നു.

രാജ്യമൊരുമിച്ച് കൊവിഡിനെ നേരിടുകയാണ് വേണ്ടതെന്ന രാഹുലിന്റെ വാക്കുകളെയും ലേഖനം അഭിനന്ദിക്കുന്നുണ്ട്. പൊതുതാത്പര്യത്തിനു വേണ്ടി രാഹുല്‍ നിലകൊണ്ടുവെന്നും രാഷ്ട്രീയ പക്വത കാണിച്ചുവെന്നും രാഹുല്‍ സ്വീകരിച്ച നിലപാടിനെ ചൂണ്ടിക്കാണിച്ച് മുഖപ്രസംഗം അഭിപ്രായപ്പെടുന്നു. രാജ്യത്തിന് പ്രയോജനകരമാകും എന്നതിനാല്‍ കൊവിഡ് വിഷയത്തില്‍ രാഹുലും പ്രധാനമന്ത്രിയും നേരിട്ട് ചര്‍ച്ച നടത്തണമെന്നും സാമ്‌ന ആവശ്യപ്പെടുന്നു.

രാഹുലിന്റെ പ്രതിച്ഛായ നശിപ്പിച്ചു കൊണ്ടാണ് ബി.ജെ.പി തങ്ങളുടെ വിജയത്തിന്റെ പാതിയും നേടിയതെന്ന് പറയുന്ന ശിവസേന മുഖപത്രം അത് ഇന്നും തുടരുകയാണെന്നും കൂട്ടിചേർത്തു. എന്നാല്‍ നിലവിലെ പ്രതിസന്ധി ഘട്ടത്തില്‍ രാഹുല്‍ സ്വീകരിച്ച നിലപാടിനെ അഭിനന്ദിച്ചേ മതിയാകൂവെന്നും സാമ്‌ന അടിവരയിടുന്നു.