തിരുവനന്തപുരം: ഏപ്രിൽ 20 മുതൽ 22വരെ കേരളത്തിലെ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മിന്നലിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. വളരെ അപകടകരമായ ഇടിമിന്നൽ ഉണ്ടാവാൻ സാധ്യതയുള്ള ഈ സമയത്ത് പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങളും അതോറിറ്റി പുറത്തിറക്കിയിട്ടുണ്ട്.
ഇപ്പോൾ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്താണ് ഇടിമിന്നലിനുള്ള സാധ്യത. ഇത്തരം ഇടിമിന്നലുകൾ ഏറെ അപകടകാരികളാണ്.
ആയതിനാൽ നാശനഷ്ടങ്ങളും അപകടങ്ങളും ഒഴിവാക്കാനായി പൊതുജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അതോറിറ്റി ആവശ്യപ്പെടുന്നു. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും ടെറസിലും കുട്ടികൾ കളിക്കുന്നത് ഒഴിവാക്കണം എന്നും അതോറിട്ടി ആവശ്യപ്പെടുന്നുണ്ട്.