crude-oil

കൊച്ചി: ആഗോളതലത്തിൽ ഡിമാൻഡ് കുറഞ്ഞതോടെ, ക്രൂഡോയിൽ വില ഇന്നലെ 19 വർഷത്തെ താഴ്‌ചയിലേക്ക് ഇടിഞ്ഞു. ബാരലിന് 10.02 ശതമാനം നഷ്‌ടവുമായി ഒരുവേള 17.88 ഡോളർ വരെ ഇടിഞ്ഞ യു.എസ് ക്രൂഡ് വില, ഇപ്പോഴുള്ളത് 18.27 ഡോളറിൽ. 2001 നവംബറിലെ 17.65 ഡോളറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. ബ്രെന്റ് ക്രൂഡ് വില 28.08 ഡോളർ.

ഏറ്റവും വലിയ ഉപഭോഗ രാജ്യങ്ങളായ ഇന്ത്യയും ചൈനയും ഉൾപ്പെടെ ഒട്ടുമിക്ക രാജ്യങ്ങളും ലോക്ക്ഡൗണിൽ ആയതാണ് ഡിമാൻഡ് ഇല്ലാതാക്കിയത്. പ്രതിദിനം രണ്ടുകോടി ബാരൽ ഉത്‌പാദനം വെട്ടിക്കുറിച്ച്, വിലയിടിവ് തടയാൻ സൗദിയുടെ നേതൃത്വത്തിലുള്ള ഒപെക് രാഷ്‌ട്രങ്ങളും റഷ്യയും തീരുമാനിച്ചിരുന്നു. ഉത്‌പാദനം കൂടുതൽ വെട്ടിക്കുറയ്ക്കുന്നത് ഒപെക് ആലോചിച്ചേക്കും.

ഇന്ധന എക്‌സൈസ്

നികുതി കൂട്ടിയേക്കും

ക്രൂഡോയിൽ വിലയിടിഞ്ഞ സാഹചര്യത്തിൽ, നികുതി വരുമാനം വർദ്ധിപ്പിക്കാനായി കേന്ദ്രം പെട്രോൾ, ഡീസൽ എക്‌സൈസ് നികുതി കൂട്ടാനിടയുണ്ട്. കഴിഞ്ഞമാസം ലിറ്രറിന് മൂന്നുരൂപ വീതം നികുതി കൂട്ടിയിരുന്നു. ഇതിലൂടെ പ്രതിവർഷം 45,000 കോടി രൂപയുടെ അധികവരുമാനം സർക്കാരിന് കിട്ടും.

 നിലവിൽ പെട്രോൾ എക്‌സൈസ് നികുതി ലിറ്രറിന് : ₹22.89

 ഡീസൽ : ₹18.83

 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ ഏറുമ്പോൾ നികുതി, പെട്രോൾ : ₹9.48; ഡീസൽ : ₹3.56

 ഇതിൽ, പെട്രോളിന്റെ സ്‌പെഷ്യൽ എക്‌സൈസ് നികുതി : ₹8, ഡീസലിന്റേത് : ₹4

 ഇത് യഥാക്രമം ₹18, ₹12 വരെയായി ഉയർത്താനുള്ള അനുമതി പാർലമെന്റിൽ നിന്ന് സർക്കാർ നേടിയിട്ടുണ്ട്.

 കൊവിഡിന്റെ പശ്ചാത്തലത്തിൽ ഉത്തേജക പാക്കേജിനായി രാജ്യത്ത് മുറവിളി ഉയരുകയാണ്. ഈ സാഹചര്യത്തിൽ അധികവരുമാനം ലക്ഷ്യമിട്ട് എക്‌സൈസ് നികുതി കൂട്ടാൻ സാദ്ധ്യതയേറെ.

എന്നിട്ടും, വില

കുറയ്ക്കുന്നില്ല

ക്രൂഡോയിൽ വില ബാരലിന് 30 ഡോളറിൽ താഴെ എത്തിയാൽ പെട്രോൾ, ഡീസൽ വിലയിൽ ലിറ്രറിന് 10-12 രൂപ കുറയേണ്ടതാണ്.

 ജനുവരി ഒന്നിന് ക്രൂഡോയിൽ വില 61.06 ഡോളർ. പെട്രോൾ : ₹78.59, ഡീസൽ : ₹73.10

 ഇന്നലെ ക്രൂഡോയിൽ വില : 18.27 ഡോളർ; പെട്രോൾ : ₹72.99, ഡീസൽ : ₹67.19

 ഇക്കാലയളവിൽ ക്രൂഡ് വില കുറഞ്ഞത് : 42.79 ഡോളർ.

 പെട്രോളിന് കുറഞ്ഞത് : ₹5.60, ഡീസലിന് : ₹5.91.

 വില ആനുപാതികമായി കുറയാത്തതിന് പ്രധാനകാരണം, എക്‌സൈസ് നികുതി വർദ്ധനയാണ്.