തൃശൂർ: തൃശൂർ ജില്ലയിലെ അവസാനത്തെ കൊവിഡ് രോഗിയും ഇന്ന് ആശുപത്രി വിടും. ചാലക്കുടി സ്വദേശിയായ 15-കാരനാണ് രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുന്നത്. വിദേശത്ത് നിന്നും മടങ്ങിയെത്തിയ അച്ഛനിൽ നിന്നാണ് കുട്ടിക്ക് അസുഖം പകർന്നത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജിലെ കൊവിഡ് ഐസൊലേഷൻ വാർഡിൽ ചികിത്സയിലായിരുന്ന കുട്ടി തുടർച്ചയായി മൂന്ന് പരിശോധനകളിലും നെഗറ്റീവായതോടെയാണ് വീട്ടിലേക്ക് മടങ്ങുന്നത്. ഇനിയുള്ള 15 ദിവസം ചാലക്കുടിയിലെ വീട്ടിൽ ചികിത്സയിൽ തുടരും. ഇന്ത്യയിൽ ആദ്യമായി കൊവിഡ് രോഗം സ്ഥിരീകരിച്ചത് തൃശ്ശൂരിലായിരുന്നു.